ആപ്പ്ജില്ല

വിദേശ സൂപ്പർ താരം കേരള‌ ബ്ലാസ്റ്റേഴ്സിലേക്ക്; ആരാധകരെ ആവേശം കൊള്ളിക്കുന്ന വാർത്തകൾ

കഴിഞ്ഞ സീസണിൽ ഒപ്പമുണ്ടായിരുന്ന വിദേശ സൂപ്പർ താരത്തെ‌ ടീമിലേക്ക് തിരിച്ചെത്തിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ആരാധകർക്ക് ആവേശ വാർത്ത.

Samayam Malayalam 26 Jun 2022, 10:31 pm
2021-22 സീസൺ ഐ എസ് എല്ലിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച് ഫൈനൽ വരെയെത്തിയ കേരള‌ ബ്ലാസ്റ്റേഴ്സ് വരും സീസണിൽ തങ്ങളുടെ പ്രഥമ കിരീടമാണ് ഐ എസ് എല്ലിൽ ലക്ഷ്യം വെക്കുന്നത്. ഇത് ലക്ഷ്യമിട്ടുകൊണ്ട് തകർപ്പൻ നീക്കങ്ങളാണ് ക്ലബ്ബ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതും. കഴിഞ്ഞ സീസണിൽ ഒപ്പമുണ്ടായിരുന്ന ഒരു പറ്റം കളികാരുമായി പുതിയ കരാറിൽ ഒപ്പു വെച്ച ബ്ലാസ്റ്റേഴ്സ്, ചർച്ചിൽ ബ്രദേഴ്സിൽ നിന്ന് ഇന്ത്യൻ യുവ വിംഗറായ ബ്രൈസ് മിറാൻഡയെ റാഞ്ചുകയും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു ട്രാൻസ്ഫർ വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നു.
Samayam Malayalam jorge pereyra diaz set to return to kerala blasters fc reports
വിദേശ സൂപ്പർ താരം കേരള‌ ബ്ലാസ്റ്റേഴ്സിലേക്ക്; ആരാധകരെ ആവേശം കൊള്ളിക്കുന്ന വാർത്തകൾ



​ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക്

കഴിഞ്ഞ സീസണിൽ കേരള‌ ബ്ലാസ്റ്റേഴ്സിനായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച താരമായിരുന്നു അർജന്റൈൻ സ്ട്രൈക്കറായ ഹോർഹെ പെരെയ്ര ഡയസ്. അർജന്റീനിയൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസിൽ നിന്ന് ലോണടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ഡയസ് ടീമിന്റെ ഐ എസ് എൽ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഇപ്പോളിതാ ഒരൊറ്റ സീസൺ കൊണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫേവറിറ്റായി മാറിയ ഡയസ് ഇക്കുറി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുന്നു‌.

​ഡയസിന്റെ നിർണായക തീരുമാനം

തന്റെ മാതൃക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസുമായി ഈ വർഷാവസാനം വരെയാണ് ഡയസിന് കരാറുള്ളത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു പോകാൻ താല്പര്യപ്പെടുന്ന അദ്ദേഹം അർജന്റൈൻ ക്ലബ്ബുമായി വേർപിരിയാനുള്ള നിർണായക തീരുമാനം എടുത്തെന്നാണ് സൂചനകൾ. മറ്റ് ചില വിദേശ ക്ലബ്ബുകളും ഡയസിനെ സ്വന്തമാക്കാൻ താല്പര്യപ്പെട്ട് രംഗത്തുണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരാനുള്ള അദ്ദേഹത്തിന്റെ തീരുമാനമെന്നുമാണ് റിപ്പോർട്ട്‌. എന്തായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് വലിയ ആവേശം തന്നെയാണ് ഈ വാർത്ത സമ്മാനിക്കുന്നത്.

​ഡയസിന്റെ പ്രകടനം

2021-22 സീസൺ ഐ എസ് എല്ലിൽ 21 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഡയസ് 8 ഗോളുകൾ നേടിയതിനൊപ്പം ഒരു ഗോളിന് വഴിയുമൊരുക്കിയിരുന്നു. മൈതാനത്ത് കഠിനാധ്വാനം ചെയ്തിരുന്ന ഡയസ് കേരളത്തിന് സെറ്റ് പീസുകൾ ലഭിക്കുന്ന സമയത്ത് എതിർ ഗോൾ മുഖത്ത് വലിയ ഭീഷണി വിതച്ചിരുന്നു. കളത്തിനകത്തും പുറത്തും മികച്ച മനോഭാവത്തോടെ കാണപ്പെട്ടിരുന്ന ഡയസ് ഒരു ടീം പ്ലേയർ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു.

Also Read : ‌ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാന്‍ പോകുന്ന സൗരവ് മണ്ഡലിനെ കുറിച്ച് അറിയേണ്ടതെല്ലാം...

​പരിചയസമ്പന്നൻ

2008 ൽ അർജന്റൈൻ ക്ലബ്ബായ ഫെറോ കാറിലിൽ കളിച്ചു കൊണ്ട് പ്രൊഫഷണൽ കരിയർ ആരംഭിച്ച താരമാണ് ഹോർഹെ പെരെയ്ര ഡയസ്. ഇന്ത്യക്കും, അർജന്റീനക്കും പുറമേ ചിലി, മെക്സിക്കോ, മലേഷ്യ, ബൊളീവിയ എന്നീ രാജ്യങ്ങളിലും പന്ത് തട്ടിയിട്ടുള്ള ഡയസ് ഏറെ പരിചയസമ്പത്തുള്ള കളികാരനാണ്. ക്ലബ്ബ് കരിയറിൽ ഇതു വരെ 165 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ഡയസ് 38 ഗോളുകൾ നേടിയതിനൊപ്പം 14 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

​ബ്ലാസ്റ്റേഴ്സിലെ മൂന്നാം വിദേശ താരം

കഴിഞ്ഞ സീസണിൽ ഹോർഹെ പെരെയ്ര ഡയസ്, അൽവാരോ വാസ്ക്വസ്, അഡ്രിയാൻ ലൂണ, ചെഞ്ചോ ഗിൽഷൻ, മാർലോ ലെസ്കോവിച്ച്, എനെസ് സിപോവിച്ച് എന്നിവരായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ. ഇതിൽ ചെഞ്ചോ ഗിൽഷൻ, അൽവാരോ വാസ്ക്വസ്, എനസ് സിപോവിച്ച് എന്നിവർ ക്ലബ്ബ് വിട്ടു. മാർകോ ലെസ്കോവിച്ചുമായി ക്ലബ്ബ് കരാർ പുതുക്കി. അഡ്രിയാൻ ലൂണക്ക് ഒരു വർഷത്തെ കരാർ കൂടി ക്ലബ്ബുമായി ബാക്കി നിൽക്കുന്നു. അതായത് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെ മൂന്നാം വിദേശ താരമാണ് ഡയസ്.

​കേരള‌ ബ്ലാസ്റ്റേഴ്സിന്റെ മുന്നൊരുക്കങ്ങൾ

2022-23 സീസണ് മുന്നോടിയായി തകർപ്പൻ മുന്നൊരുക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡയസിനെ ടീമിലെത്തിക്കാനൊരുങ്ങുന്ന അവർ ഇന്ത്യൻ യുവ താരങ്ങളായ ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരെ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. എന്നാൽ കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന വിൻസി ബാരറ്റോ, സെയ്ത്യാസെൻ സിംഗ്, ആൽബിനോ ഗോമസ്, മാർകോ ലെസ്കോവിച്ച്, ചെഞ്ചോ ‌ഗിൽഷൻ എന്നിവർ ഇതിനോടകം ക്ലബ്ബ് വിട്ടിട്ടുമുണ്ട്.

Also Read : ഐ എസ് എൽ ട്രാൻസ്ഫർ റൗണ്ടപ്പ്: ബ്ലാസ്റ്റേഴ്സ് ഈ താരത്തിന് പിന്നാലെ, തകർപ്പൻ സൈനിംഗുകൾ നടത്തി എടികെ മോഹൻ ബഗാൻ

2021-22 സീസൺ ഐ എസ് എല്ലിൽ ഡയസിൻ്റെ കണക്കുകൾ

ഡയസിന്റെ വരവോടെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം അടുത്ത സീസണിലും അതിശക്തമാകും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്