ആപ്പ്ജില്ല

ദിമിയുടെ കരാർ കാര്യത്തിൽ വൻ ട്വിസ്റ്റ്; മൂന്ന് കോടി രൂപ പ്രതിഫലം നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറല്ല, റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) യുടെ ഗ്രീക്ക് സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസ് ( Dimitrios Diamantakos ) അടുത്ത സീസണിൽ ക്ലബ്ബിലുണ്ടാകാൻ സാധ്യത ഇല്ല. ഡയമാന്റകോസുമായി അടുത്ത സീസണിലേക്കുള്ള കരാർ പുതുക്കാൻ കൊച്ചി ക്ലബ്ബിന് ഇതുവരെ സാധിച്ചില്ല.

Curated byഗോകുൽ എസ് | Samayam Malayalam 27 Mar 2024, 11:10 am

ഹൈലൈറ്റ്:

  • ദിമിത്രിയോസ് ഡയമാന്റകോസിനു വേണ്ടി ക്ലബ്ബുകൾ രംഗത്ത്
  • പ്രതിഫലം മൂന്ന് കോടിയിൽ അധികം ആവശ്യപ്പെട്ടതായി റിപ്പോർട്ട്
  • 2023 - 2024 ഐ എസ് എൽ സീസണിലെ ടോപ് സ്കോററാണ് ഗ്രീക്ക് സെന്റർ സ്ട്രൈക്കർ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Dimitrios Diamantakos with Kwame Peprah
ദിമിത്രിയോസ് ഡയമാന്റകോസും ക്വാമെ പെപ്രയും
ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ Kerala Blasters FC) മിന്നും താരമായ ദിമിത്രിയോസ് ഡയമാന്റകോസ് (Dimitrios Diamantakos) അടുത്ത സീസണിൽ കൊച്ചിയിൽ ഉണ്ടാകില്ലെന്ന് സൂചന. താരം വൻ തുക പ്രതിഫലമായി ചോദിച്ചെന്നും കരാർ പുതുക്കാൻ ഇതുവരെ സാധിച്ചില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ, എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ ലഭ്യമല്ല.

ദിമിത്രിയോസ് ഡയമാന്റകോസ് അടുത്ത സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാർ പുതുക്കാൻ ഇതുവരെ തയാറായിട്ടില്ലെന്നും താരം മൂന്ന് കോടിയിൽ അധികമാണ് പ്രതിഫലം ചോദിച്ചതെന്നുമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകളിൽ ഉള്ളത്. എന്നാൽ, എത്ര തുകയാണ് ഗ്രീക്ക് സെന്റർ സ്ട്രൈക്കർ ആവശ്യപ്പെട്ടത് എന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം.

അതേസമയം, ദിമിത്രിയോസ് ഡയമാന്റകോസ് കൊൽക്കത്തൻ പാരമ്പര്യ ക്ലബ്ബായ ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പു വെച്ചു എന്നത് അടിസ്ഥാനമില്ലാത്ത വാർത്തയാണെന്ന് കൊച്ചി ക്ലബ്ബിന്റെ അകത്തള റിപ്പോർട്ട് സൂചിപ്പിച്ചു. എന്നാൽ, മുംബൈ സിറ്റി എഫ് സി ദിമിത്രിയോസ് ഡയമാന്റകോസിനായി സജീവമായി രംഗത്ത് ഉണ്ടെന്നാണ് റിപ്പോർട്ട്. വിദേശ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫർ വന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേക്കുറിച്ചുള്ള കൂടുതൽ ‌വിശദാംശങ്ങളും പുറത്ത് വന്നിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ പുതിയ വിദേശ താരം, മഞ്ഞപ്പട നോട്ടമിട്ടത് ഈ താരത്തെ; ട്രാൻസ്ഫർ നീക്കം പക്ഷേ പരാജയപ്പെട്ടേക്കും
2023 - 2024 ഐ എസ് എൽ ഫുട്ബോളിൽ 15 മത്സരങ്ങളിൽ ഇറങ്ങിയ ഈ ഗ്രീക്ക് സൂപ്പർ താരം 12 ഗോൾ നേടുകയും മൂന്ന് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ദിമി.

2022 - 2023 സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തട്ടകത്തിൽ എത്തിയത്. ഒരു വർഷ കരാറിലായിരുന്നു താരത്തിന്റെ വരവ്. 2023 - 2024 സീസണിനു മുമ്പായി ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കി. 2024 മേയ് 31 ന് കൊച്ചി ക്ലബ്ബുമായി ഉള്ള കരാർ അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 42 മത്സരങ്ങൾ കളിച്ച ഗ്രീക്ക് സെന്റർ ഫോർവേഡ് 27 ഗോൾ നേടുകയും ഏഴ് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്.

ഐ എസ് എല്ലിൽ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആം ബാൻഡ് അണിയുന്നതും 31 കാരനായ ദിമിത്രിയോസ് ഡയമാന്റകോസ് ആണ്. 2023 - 24 ഐ എസ് എൽ സീസണിൽ നിലവിലെ ടോപ് സ്കോററാണ് ഇദ്ദേഹം. ദിമിത്രിയോസ് ഡയമാന്റകോസിന് ഒപ്പം 12 ഗോളുമായി ഒഡീഷ എഫ് സിയുടെ ഫിജിയൻ താരം റോയ് കൃഷ്ണയും ടോപ് സ്കോറർ സ്ഥാനത്ത് ഉണ്ട്. ലീഗിൽ 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

വമ്പൻ നേട്ടത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനത്തെത്തി കേരള ബ്ലാസ്റ്റേഴ്സ്; മോശം ഫോമിലും അക്കാര്യത്തിൽ മുന്നിൽത്തന്നെ ഈ മഞ്ഞപ്പട
പ്ലേ ഓഫ് എലിമിനേറ്റർ സ്ഥാനം ഉറപ്പിക്കാൻ രണ്ട് പോയിന്റ് കൂടി കൊച്ചി ക്ലബ്ബിന് ആവശ്യമാണ്. സീസണിൽ മഞ്ഞപ്പടയ്ക്ക് നാല് മത്സരങ്ങളാണ് ലീഗ് റൗണ്ടിൽ ശേഷിക്കുന്നത്. 18 മത്സരങ്ങളിൽ ഇതുവരെ 26 ഗോളാണ് കേരള ബ്ലാസ്റ്റേഴ്സ് എതിർ വലയിൽ നിക്ഷേപിച്ചത്. അതിൽ 12 ഉം ദിമിത്രിയോസ് ഡയമാന്റകോസിൻറെ വകയായിരുന്നു എന്നതും ശ്രദ്ധേയം. മാർച്ച് 30 ന് ജംഷഡ്പുർ എഫ് സിക്ക് എതിരേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്