ആപ്പ്ജില്ല

ISL 2018: 'സമനില' കൈവിടാതെ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരം സികെ വിനീതാണ് സമനില ഗോള്‍ സ്വന്തമാക്കിയത്

Samayam Malayalam 30 Oct 2018, 11:10 am
ജംഷഡ്‍പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ നാലാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ മത്സരത്തില്‍ ആദ്യപകുതിയില്‍ ലഭിച്ച രണ്ട് ഗോളുകള്‍ക്ക് രണ്ടാം പകുതിയില്‍ മറുപടി നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരം സികെ വിനീതാണ് സമനില ഗോള്‍ സ്വന്തമാക്കിയത്.
Samayam Malayalam Kerala Blasters goal ISL


ആദ്യപകുതി പിന്നിടുമ്പോള്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടില്‍ തന്നെ ജംഷഡ്‍പൂര്‍ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയന്‍ താരം ടിം കാഹിലാണ് ജംഷഡ്‍പൂരിനായി ആദ്യഗോള്‍ കണ്ടെത്തിയത്. രണ്ടാം ഗോള്‍ തമിഴ്നാട് സ്വദേശിയായ മൈക്കല്‍ സൂസെ രാജിന്‍റെ വകയായിരുന്നു. ബോക്സിന്‍റെ വലതുഭാഗത്തുനിന്നും സമയം ഒട്ടും പാഴാക്കാതെയെടുത്ത ഒരു വലംകാലന്‍ ഷോട്ട് പോസ്റ്റിന്‍റെ ഇടതുമൂലയിലൂടെ വലയിലെത്തുകയായിരുന്നു. ആദ്യ പകുതി കഴിയുമ്പോള്‍ സ്കോര്‍ ജംഷഡ്പൂര്‍ 2-0 ബ്ലാസ്റ്റേഴ്സ്.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. പകരക്കാരായി സഹലും ദംഗലും ഇറങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും താളം കണ്ടെത്തി. അതിനിടെ പെനാല്‍റ്റി കിക്ക് സ്റ്റൊവനോവിച്ച് പാഴാക്കിയെങ്കിലും പ്രായശ്ചിത്തമെന്നോണം ദംഗലിന്‍റെ പാസില്‍ അധികം വൈകാതെ ഗോള്‍ കണ്ടെത്തി. 71ാം മിനുട്ടിലായിരുന്നു സ്റ്റൊവനോവിച്ചിന്‍റെ മറുപടി ഗോള്‍. തുടര്‍ന്ന് 85ാം മിനുട്ടില്‍ സികെ വിനീത് സമനില ഗോള്‍ കണ്ടെത്തി. ഈ ഗോളിനും വഴിയൊരുക്കിയ ദംഗല്‍ തന്നെയാണ് കളിയിലെ മികച്ച താരം.

നിലവില്‍ മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലകളുമായി 5 പോയിന്‍റോടെ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്‍റെ സ്ഥാനം. അതേസമയം നാല് മത്സരങ്ങളില്‍ ഒരു വിജയവും മൂന്ന് സമനിലകളുമായി ആറ് പോയിന്‍റോടെ ആറാം സ്ഥാനത്താണ് ജംഷഡ്പൂര്‍. ജംഷഡ്‍പൂര്‍ എഫ്സിയുടെ ഹോം ഗ്രൗണ്ടായ ജെആര്‍ഡി ടാറ്റാ സ്പോര്‍ട്സ് കോംപ്ലക്സിലാണ് മത്സരം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്