ഏപ്രിലിൽ ലോഞ്ച് ചെയ്ത വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണുകളായ വൺപ്ലസ് 8 സീരിസ് ഇന്ത്യയിൽ വില്പനയ്ക്കെത്തുന്നത് മെയ് മാസം അവസാനത്തോടെ. കൊറോണ വൈറസ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂലമാണ് ഹാൻഡ്സെറ്റിന്റെ വില്പന നീണ്ടുപോയത്.
വൺപ്ലസിന്റെ നോയിഡ ഫാക്ടറിയിലാണ് വൺപ്ലസ് 8 സീരിസിന്റെ നിർമ്മാണം നടക്കുന്നത്. ഈ സീരിസിന് മികച്ച വില്പന ഇന്ത്യയിൽ ലഭിക്കുമെന്നാണ് ചൈനീസ് സ്മാർട്ഫോൺ കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ ആഴ്ചയാണ് വൺപ്ലസിന്റെ നോയിഡ ഫാക്ടറി ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്.
നേരത്തെ വൺപ്ലസ് 8, വൺപ്ലസ് 8 പ്രൊ ഫോണുകൾ ഏപ്രിൽ 28 മുതൽ പ്രീ ഓർഡർ ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
ഷവോമിയുണ്ട്, വിവോയുണ്ട്, ഓപ്പോയുണ്ട്: ഈ വർഷം ഈ സ്മാർട്ഫോണുകൾക്കെല്ലാം വൻവിലക്കിഴിവ്
ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 865 ചിപ്സെറ്റിൽ ആണ് പുതിയ രണ്ട് 5G സപ്പോർട്ടുള്ള ഫോണുകളും പ്രവർത്തിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോണ്ഫിഗറേഷനുകളിലാണ് വൺപ്ലസ് 8 പ്രൊ ഇറങ്ങിയിരിക്കുന്നത്. അതേസമയം 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വൺപ്ലസ് 8 ലഭിക്കുക.
വൺപ്ലസ് 8 (6 ജിബി റാം/128 ജിബി സ്റ്റോറേജ്)ന് 41,999 രൂപയാണ് വില. വൺപ്ലസ് 8 (8 ജിബി റാം/128 ജിബി സ്റ്റോറേജ്)ന് 44,999 രൂപ, വൺപ്ലസ് 8 (12 ജിബി റാം/256 ജിബി സ്റ്റോറേജ്)ന് 49,999 രൂപ എന്നിങ്ങനെയാണ് വില വരുന്നത്.
വൺപ്ലസ് 8 പ്രൊ (8 ജിബി റാം/128 ജിബി സ്റ്റോറേജ്) ഫോണിന് 54,999 രൂപയും വൺപ്ലസ് 8 പ്രൊ (12 ജിബി റാം/256 ജിബി സ്റ്റോറേജ്) ഫോണിന് 59,999 രൂപയുമാണ് വില.
ബെസ്റ്റ് ആൻഡ്രോയിഡ് ഫോണാവാൻ 5ജി സപ്പോർട്ടുള്ള വൺപ്ലസ് 8
രണ്ട് ഹാൻഡ്സെറ്റുകളും ഏതാണ്ട് ഒരേ ഫീച്ചറുകളാണ് നൽകുന്നതെങ്കിലും ക്യാമറ സജ്ജീകരണം, സ്ക്രീൻ സൈസ് എന്നിവയിൽ ഇരുഫോണുകളും തമ്മിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ട്. വൺപ്ലസ് 8 പ്രോയിൽ IP68 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസും ഉൾപ്പെടുന്നു, ഒപ്പം വാർപ്പ് ചാർജ് 30 വയർലെസ് ചാർജിംഗിനുള്ള സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ വയർലെസ് ചാർജറിന് 30 മിനിറ്റിനുള്ളിൽ 50% ബാറ്ററി നിറയ്ക്കാനാകും എന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്. ഈ രണ്ട് സവിശേഷതകളും വൺപ്ലസ് 8ൽ ലഭ്യമല്ല.