ആപ്പ്ജില്ല

ബെംഗലൂരുവിൽ റംസാൻ നോമ്പുതുറയ്ക്ക് പോകേണ്ട ഇടങ്ങൾ

ബെംഗലൂരുവിൽ നോമ്പുതുറ കുശാലാക്കാം; ഈ വീക്കെന്‍ഡ് പ്ലാൻ ഇവിടേക്കാക്കിയാലോ???

Anandha Vishnu | TNN 15 Jun 2017, 5:16 pm
ലോകത്ത് എവിടെ ആയാലും റംസാൻ നോമ്പുകാലത്തെ രുചി വൈവിധ്യങ്ങൾ ഒന്ന് വേറെ തന്നെയാണ്. കേരളത്തിൽ മലബാര്‍ രുചിവൈവിധ്യങ്ങള്‍ റംസാൻ ഭക്ഷണവിപണിയെ കീഴടക്കുമ്പോൾ ഇങ്ങ് ബെംഗലൂരുവിലും മലബാര്‍ ടച്ചുള്ള വിഭവങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാരേറെയുള്ളത്. സമയം ടീം ബെംഗലൂരു നഗരത്തിലെ നോമ്പ്തുറ വിഭവങ്ങളിലെ രുചിവൈവിധ്യങ്ങൾ തേടുകയാണ്. ബെംഗലൂരുവില്‍ പ്രധാനമായും തിലക് നഗര്‍, മോസ്ക് റോഡിലെ ഫ്രേസര്‍ ടൗണ്‍, ശിവാജി നഗറിലെ റസ്സൽ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നോമ്പുതുറക്ക് ബെംഗലൂരുവിലെ ഏറ്റവുമേറെ ആളുകൾ റംസാൻ നോമ്പ് തുറക്കാനായി എത്തുന്നത്.
Samayam Malayalam best places for ramzan food in bangalore
ബെംഗലൂരുവിൽ റംസാൻ നോമ്പുതുറയ്ക്ക് പോകേണ്ട ഇടങ്ങൾ


റസ്സൽ സ്ടീറ്റ്, ശിവാജി നഗര്‍

ബെംഗലൂരുവിലെ റംസാൻ വ്രതക്കാ‍ര്‍ നോമ്പുതുറക്കാൻ തെരഞ്ഞെടുക്കുന്ന പ്രിയപ്പെട്ട ഇടമാണ് ശിവാജി നഗറിലെ റസ്സൽ മാര്‍ക്കറ്റ്. ബീഫിനും മട്ടനുമൊപ്പം ഒട്ടക ഇറച്ചിയും ഇവിടെ എത്തുന്നവരുടെ നാവിലെ രുചിമുകുളങ്ങളില്‍ എരിവ് പടര്‍ത്തും. ബീഫ് കബാബും കാട, ചിക്കൻ കബാബുകളുമാണ് ഇവിടെ ഏറ്റവുമേറെ ചെലവാകുന്നത്. നോമ്പുതുറക്കാനായി ഇവിടെത്തുന്ന വ്യക്തികളുടെ വയറും മനസും നിറക്കാൻ ഇവിടെ നിരത്തിയിരിക്കുന്ന ഓരോ സ്റ്റാളുടമകൾക്കും വാശിയാണ്. മനുഷ്യഹൃദയത്തിലേക്കുള്ള എളുപ്പവഴി അവരുടെ വായില്‍ കൂടിയാണെന്ന മൊഴി അന്വര്‍ഥമാക്കുന്നതിൽ ഇവര്‍ അത്രമേൽ ശ്രദ്ധാലുക്കളാണ്. ഇവിടുത്തെ ഗുര്‍ദ മസാലക്കും ബട്ടര്‍ ചിക്കനും ആരാധകര്‍ ഏറെയാണ്.



പരിമിതമായ സൗകര്യങ്ങളില്‍ പ്രകാശപൂരിതമായ ഓരോ സ്റ്റാളുകളും നിറയെ നിരന്തരം ആളുകളാണ്. വൈകിട്ട് ആറ് മണിയോടെ തുടങ്ങുന്ന റസ്സൽ സ്ട്രീറ്റിലെ രുചിവൈവിധ്യങ്ങളുടെ കഥ രാത്രിയുടെ ഏഴാം യാമം വരെ തുടരും.



തിലക് നഗര്‍

നാവില്‍ രുചിയേറുന്ന റംസാൻ വിഭവങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ബെംഗലൂരുവിലെ തിലക് നഗര്‍. മറ്റെല്ലായിടങ്ങളെയും പോലെ തന്നെ തിലക് നഗറിലും ഒട്ടേറെ സ്റ്റോളുകൾ ഇവിടെയും കാണാനാകും. ഇവിടേക്ക് പ്രവേശിക്കുമ്പോൾ തന്നെ രുചിമുകുളങ്ങളെ തഴുകിയുണര്‍ത്തിക്കൊണ്ട് വായില്‍ ഒരു വേലിയേറ്റം തന്നെ ഉണ്ടാകും. ചിക്കൻ കബാബും പായകറിയുമാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ. കാള നാവ് പൊരിച്ചതിനും ഇവിടെ ആവശ്യക്കാരേറെയാണ്. വൈവിധ്യമാര്‍ന്ന പുഡ്ഡിങ്ങും സമൂസകളും ഇവിടെയെത്തുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമായി മാറുന്നു.



ഫ്രേസര്‍ ടൗണ്‍

മോസ്ക്ക് റോഡിലെ ഫ്രേസര്‍ ടൗണിലെ രുചിവൈവിധ്യങ്ങൾക്കും ബെംഗലൂരുവിൽ ആരാധകരേറെയാണ്. വീഥിയുടെ ഇരുവശത്തും സ്റ്റാളുകളും ഹോട്ടലുകളുമുൾപ്പെടെ ഇവിടെയെത്തുന്നവരെ വരവേൽക്കുന്നു. പായ വിത്ത് ബണ്‍, ബോട്ടി ചിക്കൻ, ക്രീം ചിക്കൻ സ്റ്റിക്ക്, പേഷവാരി കബാബ് ഷീക്ക് തുടങ്ങിയ വിഭവങ്ങളാണ് ഫ്രേസർ ടൗണിൽ എത്തുന്നവരില്‍ ഭൂരിഭാഗവും ആവശ്യപ്പെടുന്നത്. മലയാളികളുടെ ഇഷ്ടവിഭവങ്ങളായ മലബാര്‍ നോമ്പുതുറ വിഭവങ്ങൾ കിറ്റുകളായി ഇവിടെ ലഭ്യമാണ്. ഒട്ടേറെ മലയാളി ആഹാരപ്രിയരാണ് ദിവസേന ഇവിടെ എത്തുന്നത്. ബാംഗ്ല ഫിഷും തവ ഭേജയും പെപ്പര്‍ താസ്തുമാണ് ഇവിടുത്തെ പ്രധാനിയായ മറ്റുവിഭവങ്ങൾ. രുചികരമായ ഭക്ഷണശേഷം നാവിൽ മധുരം പകരാൻ സേമിയ ഖീറും ബാദ്ഷ സ്വീറ്റും കൂടാതെ ചോക്കലേറ്റ് പാൻ, റോസ് പാൻ, മിൽക്ക് ചോക്കലേറ്റ് എന്നിങ്ങനെ തുടങ്ങി ഒട്ടനവധി വൈവിധ്യമാര്‍ന്ന രുചികളും ഇവിടെ എത്തുന്ന അതിഥികളുടെ മനം നിറക്കുന്നു. വൈകിട്ട് ആറ് മണിക്ക് തുടങ്ങുന്ന രുചിവിപണി പുലർച്ചെ രണ്ട് മണി വരെ തുടരും.









Best Places For Ramzan Food In Bangalore

The festive season of Ramzan is one that’s known for the delicacies that are served to break the fast. It seems that some places more than others are acutely aware of this for they serve some amazing delicacies. Here are some of the best places to enjoy Ramzan food in Bangalore.
ഓതറിനെ കുറിച്ച്
Anandha Vishnu

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ