ആപ്പ്ജില്ല

മംഗളാദേവി: കടുവാ സങ്കേതത്തിനുള്ളിലെ കണ്ണകി

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടതുറക്കുന്ന, പെരിയാര്‍ കടുവസങ്കേതത്തിനുള്ളിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലേക്ക്...

Abhijith VM | TNN 13 May 2017, 11:18 am
കുമളിയില്‍ അതിരാവിലെ കാലുകുത്തുമ്പോഴുള്ള കാഴ്‍ച്ച പോലീസുകാരാണ്. ഹൈറേഞ്ച് പട്ടണം തിരക്കിലേക്ക് ഉണരും മുന്‍പേ നിരത്തുകളില്‍ പോലീസുകാര്‍ നിറയുന്നു.
Samayam Malayalam chitra pournami festival at mangala devi kannagi temple
മംഗളാദേവി: കടുവാ സങ്കേതത്തിനുള്ളിലെ കണ്ണകി


വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന മംഗളാദേവി എന്ന കൊച്ചുക്ഷേത്രത്തിലെ ഉത്സവത്തിനുള്ള സുരക്ഷക്കാണ് ഇത്രയും പോലീസ്. കേരള - തമിഴ്‍നാട് അതിര്‍ത്തിയില്‍ നില്‍ക്കുന്ന ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയെച്ചൊല്ലി ചില ശീതസമരങ്ങള്‍ നടക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനും കുമളിക്കാരനുമായ സന്ദീപ് വെള്ളാരംകുന്ന് ഓര്‍മ്മിപ്പിച്ചു. അതിന്‍റെ ഭാഗമാണ് പോലീസുകാര്‍

കുമളിയില്‍ നിന്ന് മംഗളാദേവിയിലേക്ക്


മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര തുടങ്ങുന്നു.

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ 1337 മീറ്ററോളം ഉയരത്തിലാണ് കണ്ണകിയെ പ്രതിഷ്‍ഠിച്ച ക്ഷേത്രം. വനത്തിലൂടെ 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. മേടമാസത്തിലെ ചിത്രപൗര്‍ണമി ദിനത്തിലാണ് വര്‍ഷത്തില്‍ ഒരേയൊരു തവണ നടതുറക്കുന്നത്. ഇത്തവണ അത് മെയ് 10ന് നടന്നു.

പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ കവാടത്തില്‍ നിന്ന് മുകളിലേക്ക് രണ്ടാണ് വഴികള്‍; ഒന്ന്, കാല്‍ നട. രണ്ട്, സ്വകാര്യ ജീപ്പുകളെ ആശ്രയിക്കുക. ഇനിയും ഒരു വഴിയുള്ളത് തമിഴ്‍നാട്ടില്‍ നിന്നാണ്. കാല്‍നടയായി ഒരു മലമുറിച്ചു കടന്ന് മനുഷ്യര്‍ വരും. മംഗളാദേവിക്ക് മുകളില്‍ എത്തുമ്പോള്‍ അത് കാണാം.


വനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള പരിശോധന.

പുലര്‍ച്ചെ ആറ് മണി മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു പ്രവേശനം. അതുകൊണ്ട് അതിരാവിലെ മുതല്‍ കുമളി ടൗണില്‍ നിന്ന് സ്റ്റിക്കര്‍ പതിച്ച ജീപ്പുകള്‍ ആളുകളെ കുത്തിനിറച്ച് മലകയറാന്‍ തുടങ്ങി. മലയാളവും തമിഴും ഇടകലര്‍ന്ന ആ തിരക്കിനെ അതിജീവിച്ച് ഒരു ജീപ്പില്‍ കയറിപ്പറ്റാനായാല്‍ മംഗളാദേവിയിലേക്ക് യാത്ര തുടങ്ങാം.

പെരിയാര്‍ ടൈഗര്‍ റിസര്‍വിന്‍റെ ഗേറ്റിലെ പരിശോധനകള്‍ കഴിഞ്ഞാല്‍ വനത്തിലേക്ക്. വേനലിന്‍റെ ചൂടില്‍ വരണ്ടു കിടപ്പാണ് കാട്. ഇടയ്‍ക്ക് ഞാവല്‍ മരങ്ങള്‍ കായ്‍ച്ച് കിടക്കുന്നു. വനത്തില്‍ ഇരുട്ടില്ല.ഏതാണ്ട് തുല്യ അകലത്തില്‍ മരങ്ങള്‍ വളരുന്ന അറ്റമില്ലാത്ത പച്ചപ്പാണ് കണ്ണില്‍. പാറകളും പൊടിമണ്ണും മാത്രമുള്ള വഴിയിലൂടെ ഫോര്‍വീല്‍ വാഹനങ്ങള്‍ നിരനിരയായി പോകുന്നു.


ഊഴം കാത്ത് കിടക്കുന്ന ജീപ്പുകൾ - Photo: Deepu DKV

കാടിന്‍റെ ഹൃദയത്തിലേക്ക് കടപ്പും മുന്‍പ് ഒരു ചെക്ക്-പോസ്റ്റ് ഉണ്ട്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇവിടെ കര്‍ശനമായി പരിശോധിക്കും. ഒരുദിവസത്തേക്കാണെങ്കിലും വനം മനുഷ്യന് തുറന്നുകൊടുത്താല്‍ എന്താണ് സംഭവിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്നായി അറിയാം.


മലകയറ്റത്തിന് ഇടയിലൊരിടത്ത്.

പതിനായിരക്കണക്കിന് മനുഷ്യരെ ഒരു വന്യജീവി സങ്കേതത്തിലേക്ക് ഒരുദിവസം കയറ്റിവിടുന്നതിന്‍റെ അസൗകര്യം ഭക്തിയുടെ നയതന്ത്രമോര്‍ത്ത് ക്ഷമിക്കുകയാകണം അവര്‍. മംഗളാദേവി ഒരുദിവസം തുറക്കുന്നതിന് ഒരു മാസമെങ്കിലും ഉറക്കമൊഴിക്കേണ്ടി വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥരോട് സംസാരിച്ചാല്‍ മനസിലാകും.

ഓഫ് - റോഡ് അനുഭവം


വനത്തിലുള്ളിലെ ഡ്രൈവ് - Photo: Deepu DKV

നിരനിരയായാണ് ജീപ്പുകള്‍ മലകയറുക. വഴിയിലെല്ലാം മനുഷ്യരെക്കാണാം. കാല്‍നടയായി കയറിയാല്‍ ചുരുങ്ങിയത് നാല് മണിക്കൂറെടുക്കും മുകളിലെത്താന്‍. കാടിന്‍റെ തണലില്‍ കൂട്ടമായി നടക്കുന്നവരില്‍ അധികവും തമിഴരാണ്. ചെമ്മണ്ണുപാതയില്‍ ഇടയ്ക്കിടയ്ക്ക് ജീപ്പുകളെ ഉലച്ചുകളയുന്ന വലിയ പാറക്കല്ലുകള്‍ പ്രത്യക്ഷപ്പെടും.

സമതലം കഴിഞ്ഞാല്‍ പിന്നെ ചുരംപോലെ കയറ്റമാണ്. മുരളുന്ന എഞ്ചിനുകള്‍ വളവുകളില്‍ കണ്ടുമുട്ടും. വാതിലുകളില്ലാത്ത ജീപ്പുകളില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് മനുഷ്യര്‍. പൊടിപാറിച്ച് ജീപ്പുകള്‍ മലയിറങ്ങി വരുന്നത് താഴെ നിന്നു കാണാം. വളവുകള്‍ ദുഷ്‍കരമാകുമ്പോള്‍ ജീപ്പുകളുടെ അനക്കമില്ലാത്ത നീണ്ട നിരയാണ്. പിന്നെ ദുര്‍ഖടങ്ങള്‍ മാറാനുള്ള കാത്തിരിപ്പാണ്.


കാട്ടുവഴിയിൽ കാൽനടയായി... Photo: Deepu DKV

പാതിവഴി കഴിയുമ്പോള്‍ വെയില് മൂക്കും. മഴയുണ്ടെങ്കിലെ തണുപ്പും പ്രതീക്ഷിക്കേണ്ടതുള്ളുവെന്ന് ഇടുക്കിയെ നന്നായി അറിയാവുന്ന സന്ദീപ് പറഞ്ഞു. പൊടിയും ചൂടും അധികം വൈകാതെ ജീപ്പിലുള്ളവരെ തളര്‍ത്തി തുടങ്ങി. കാട്ടിനുള്ളിലൂടെയുള്ള യാത്രയില്‍ മൃഗങ്ങളില്ലല്ലോയെന്ന നിരാശ കൊച്ചിക്കാരനായ സുഹൃത്ത്, ദീപു പങ്കുവെച്ചു.

ആളുകളുടെ വരവ് പ്രമാണിച്ച് തല്‍ക്കാലം മൃഗങ്ങളെ വിരട്ടി നിര്‍ത്തിയിരിക്കുകയാണെന്ന് വഴിയിലൊരിടത്തുവെച്ച് രഹസ്യംപോലെ ഒരു ഫോറസ്റ്റ് ഗാര്‍ഡ് പറഞ്ഞു.


മനുഷ്യർ ലംഘിക്കരുതാത്ത അതിർത്തി . - Photo: Deepu DKV

'ആനകള്‍ പതിവുകാരായ ഈ മേഖലയാണിത്. ദിവസങ്ങള്‍ക്കു മുന്‍പേ പടക്കംപൊട്ടിച്ച് ആനകളെ അകറ്റി. മുന്നൊരുക്കങ്ങളില്ലാതെ മനുഷ്യരെ കാട്ടിനുള്ളിലേക്ക് പ്രവേശിപ്പിച്ചാല്‍ വഴിയില്‍ കരടിയോ ആനയോ വന്നാല്‍'

വളവുകള്‍ താണ്ടു മുകളിലെത്തുമ്പോള്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ വലിപ്പം കണ്ണിലുടക്കും. വലിയ മലകള്‍ക്കിടയില്‍ ഇടതൂര്‍ന്ന വനങ്ങള്‍. ഇടയ്ക്ക് മൈതാനങ്ങള്‍പോലെ ഇടവേളകള്‍. വെളുത്ത പുതപ്പുപോലെ മുകളിലൂടെ ഒഴുകുന്ന മേഘങ്ങളുടെ തണല്‍ വനത്തിന് മുകളില്‍ വീഴുന്നത് മറ്റൊരു കാഴ്‍ച്ച.


മംഗളാദേവിയിലേക്ക് നീളുന്ന പാത.

ക്ഷേത്രത്തിലേക്കുള്ള അവസാന മീറ്ററുകളില്‍ ഒരുവശം കൊക്കയായ റോഡിലൂടെയാണ് യാത്ര. അവസാനത്തോട് അടുക്കുമ്പോള്‍ ഇരുവശത്തും കൊക്കയുള്ള ഒരുപാലം കടക്കാം. അവിടെ നിന്ന് നോക്കിയാല്‍ ദൂരെ പേരറിയാത്ത ഒരു മലയില്‍ നിന്ന് ഒരു കൊച്ചുവെള്ളച്ചാട്ടം നുരയുന്നത് കാണാം.

മംഗളാദേവിയില്‍...


മംഗളാദേവി ക്ഷേത്രം

തകര്‍ന്ന ക്ഷേത്രമാണ് മംഗളാദേവി. മലമുകളില്‍ നിന്ന് നോക്കിയാല്‍ അതിര്‍ത്തിയില്‍ തമിഴ്‍നാടിന്‍റെ കൃഷിസ്ഥലങ്ങള്‍ കാണാം. കേരള പുരാവസ്തുവകുപ്പാണ് ക്ഷേത്രത്തിന്‍റെ അവകാശികള്‍. പൗരാണികമായ നിര്‍മാണവും ശിലകളുടെ പ്രത്യേകതയുംകൊണ്ട് വിലമതിക്കാനാകാത്ത മൂല്യമുള്ള ശേഷിപ്പുകളാണ് ക്ഷേത്രത്തിന്‍റെത്.

ക്ഷേത്രത്തിനുള്ളില്‍ നാലിടങ്ങളിലാണ് ഉത്സവത്തിന് പൂജ നടക്കുന്നത്. കയറുകെട്ടി തിരിച്ച വേലിക്കുള്ളില്‍, ചിതറിക്കിടക്കുന്ന ശിലകള്‍ക്കിടയില്‍ മനുഷ്യര്‍ വരിയായി നിന്നാണ് ദര്‍ശനം.


മംഗളാദേവി ക്ഷേത്രത്തിനുള്ളിൽ - Deepu DKV

ക്ഷേത്രം നില്‍ക്കുന്നത് കേരളത്തിലാണെങ്കിലും ഉത്സവം നടത്തുന്നത് കേരള - തമിഴ്‍നാട് കണ്ണകി ട്രസ്റ്റുകള്‍ ചേര്‍ന്നാണ്. അതുകൊണ്ടു തന്നെ ക്ഷേത്രത്തിന്‍റെ ഉടമകള്‍ ആരെന്ന ചോദ്യം പരസ്യമായി പറയാന്‍ അധികാരികള്‍ക്ക് മടിയുണ്ട്. തങ്ങളുടെ ക്ഷേത്രമാണ് മംഗളാദേവിയെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്‍ണന്‍ കുമളിയില്‍ എത്തി നയം വ്യക്തമാക്കിയിരുന്നു. പ്രയാറിന് പിന്നാലെ എത്തിയതാണ് പോലീസുകാരും.

ഇത്തവണ 14, 644 പേരാണ് മംഗളാദേവിയില്‍ എത്തിയതെന്ന് വനംവകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ തവണ ഇത് 16,609 ആയിരുന്നു.


മംഗളാദേവി ക്ഷേത്രത്തിൽ ഭക്തജനങ്ങൾ. - Photo: Deepu DKV

മംഗളാദേവിയെ അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമാക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ പ്രഖ്യാപനം. സ്ത്രീകളുടെ ശബരിമലയും വിവേചനമില്ലാതെ തമിഴ്‍, കേരള ഭക്തര്‍ക്കുള്ള തീര്‍ഥാടന കേന്ദ്രമാക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്‍ണന്‍ പറയുന്നു.

ഒരുദിവസം എന്നതിന് പകരം ഒന്നിലധികം ദിവസം ക്ഷേത്രം തുറക്കുക, ക്ഷേത്രം പുതുക്കിപ്പണിയുക, റോഡ് നിര്‍മ്മിക്കുക, മലമുകളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരിക പദ്ധതികളിലാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റെ കണ്ണ്(മറ്റൊരു ശബരിമല?).


മംഗളാദേവി ക്ഷേത്രത്തിൽ ഭക്തജനങ്ങൾ. - Photo: Deepu DKV

തല്‍ക്കാലത്തേക്ക് ആണെങ്കിലും വനംവകുപ്പും തമിഴ്‍നാടുമാണ് 'പ്രകൃതിക്ക് അത്ര സുന്ദരമാകില്ലാത്ത' ദേവസ്വം ബോര്‍ഡിന്‍റെ ഈ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടി.

അധികം വൈകാതെ മനുഷ്യരുടെ ശാഠ്യം കണ്ണകിക്ക് കൂട്ടിരിക്കാന്‍ സ്ഥിരം മലകയറിയേക്കാം. പക്ഷേ, അപ്പോഴേക്കും കടുവകള്‍ കണ്ണകിയുടെ കൂട്ടു പിരിഞ്ഞാല്‍?

Chitra Pournami Festival at Mangala Devi Kannagi Temple

Devotees of Kannagi celebrated the Festival of Chithra Pournami at Mangala Devi Temple in Kumily, Idukki. The Temple inside the Periyar Tiger Reserve opens once in every year for the festival.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ