ആപ്പ്ജില്ല

International Tiger Day 2022 | ഇന്ത്യയിലെ ഗംഭീരമായ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍

International Tiger Day | വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലുള്‍പ്പെടുന്ന കടുവകള്‍, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണ്.

Samayam Malayalam 29 Jul 2022, 9:59 am
ഇന്ന് ലോകമെമ്പാടും കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര കടുവ ദിനം (International Tiger Day) ആയി ആചരിക്കുകയാണ്. എല്ലാ വര്‍ഷവും ജൂലൈ 29, അന്താരാഷ്ട്ര കടുവ ദിനം ആയി ആഘോഷിക്കുന്നു. വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലുള്‍പ്പെടുന്ന കടുവകള്‍, ഇന്ന് ലോകത്ത് ഏറ്റവും കൂടിതല്‍ കാണപ്പെടുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണ്. അതില്‍ തന്നെ നല്ലൊരു ശതമാനം കടുവകളും നമ്മുടെ ഇന്ത്യയിലാണ്. ലോകത്തിലെ എണ്‍പത് ശതമാനം കടുവകളും ഇന്ത്യയിലാണ് കാണപ്പെടുന്നത്.
Samayam Malayalam popular national parks and tiger reserves in india
International Tiger Day 2022 | ഇന്ത്യയിലെ ഗംഭീരമായ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍


രാജ്യത്ത് 2,967 കടുവകള്‍ ഉണ്ടെന്നാണ് 2018-ലെ കണക്കുകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1972 മുതല്‍ ഇന്ത്യയുടെ ദേശീയമൃഗമായി ബംഗാള്‍ കടുവകളെ പ്രഖ്യാപിച്ചതോടെ രാജ്യത്ത് കടുവ സംരക്ഷണം കൂടുതല്‍ കാര്യക്ഷമമായി. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രങ്ങളുള്ളത് നമ്മുടെ രാജ്യത്താണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി ഏകദേശം 53-ഓളം കടുവസംരക്ഷണ കേന്ദ്രങ്ങളുണ്ട്. അന്താരാഷ്ട്ര കടുവ ദിനത്തില്‍ ഇന്ത്യയിലെ ചില പ്രശസ്തമായ ദേശീയ ഉദ്യാനങ്ങളും കടുവ സംരക്ഷണ കേന്ദ്രങ്ങളും പങ്കുവയ്ക്കുന്നു

കാന്‍ഹ കടുവ സംരക്ഷണ കേന്ദ്രം

PC: Wikipedia

മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ കാന്‍ഹ-കിസില്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമാണ് കാന്‍ഹ കടുവ സംരക്ഷണകേന്ദ്രം. 1955-ല്‍ ദേശീയോദ്യാനമായ ഈ പ്രദേശത്തെ 1973-ല്‍ കടുവ സംരക്ഷണ കേന്ദ്രമായും പ്രഖ്യാപിച്ചു. ഇന്ത്യയിലാദ്യമായി ഔദ്യോഗിക ചിഹ്നമുള്ള കടുവ സംരക്ഷണ കേന്ദ്രം എന്ന പ്രത്യേകതയും കാന്‍ഹയ്ക്കുണ്ട്. 'ബൂര്‍സിംഗ് ദ ബാരസിംഗ' എന്നാണ് ആ ഔദ്യോഗിക ചിഹ്നത്തിന്റെ നാമം. ഏകദേശം 940 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വനപ്രദേശം - ബംഗാള്‍ കടുവ, ഇന്ത്യന്‍ പുള്ളിപ്പുലി, തേന്‍കരടി, ബാരസിംഗ മാന്‍, ഇന്ത്യന്‍ കാട്ടുനായ എന്നിവയുള്‍പ്പടെയുള്ള ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.

ബന്ദിപ്പൂര്‍ ദേശീയോദ്യാനം

PC: Wikipedia

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ള രണ്ടാമത്തെ സംസ്ഥാനമായ കര്‍ണാടാകയിലെ ചാമരാജ് നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂര്‍ ദേശീയോദ്യാനം. രാജ്യത്തെ കടുവ സംരക്ഷണ പദ്ധതിയായ പ്രോജക്ട് ടൈഗര്‍-ന് കീഴില്‍ 1974-ലാണ് ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിലുള്ള ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിന്റെ വിസ്തൃതി 874 ചതുരശ്ര കിലോമീറ്ററാണ്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന് തന്നെയാണ് വയനാട് വന്യജീവി സംരക്ഷണകേന്ദ്രവും, മുതുമല വന്യജീവി സംരക്ഷണകേന്ദ്രവും, നാഗര്‍ഹോളെ വന്യജീവി സംരക്ഷണകേന്ദ്രവും ഒക്കെ സ്ഥിതിചെയ്യുന്നത്.

Also Read: Mysterious Places: കഥകളെ വെല്ലും നിഗൂഢതകൾ ഇവിടെയുണ്ട്! എന്താണെന്ന് അറിയണ്ടേ?

പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രം

PC: Wikipedia

കേരളത്തിലെ പെരിയാന്‍ ടൈഗര്‍ റിസര്‍വ് ഇന്ത്യയിലെ കടുവകളുടെ സംരക്ഷണ പ്രദേശങ്ങളിലെ 'ഏറ്റവു മികച്ചത്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. നിരവധി തദ്ദേശീയങ്ങ സസ്യജന്തുജീവജാലങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ പ്രദേശം, 925 ച.കി.മീ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്നു. 175 ഇനം സസ്യങ്ങള്‍, 62 ഇനം സസ്തനികള്‍, 320 ഇനം പക്ഷികള്‍, 45 ഇനം ഉരഗങ്ങള്‍, 27 ഇനം ഉഭയജീവികള്‍, 38 ഇനം മത്സ്യങ്ങള്‍ എന്നിവയെ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പമ്പ, പെരിയാര്‍ എന്നി നദികളുടെ തീരത്തോട് ചേര്‍ന്ന് - ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ് പെരിയാര്‍ കടുവ സംരക്ഷണ പ്രദേശം സ്ഥിതിചെയ്യുന്നത്.

ജിം കോര്‍ബെറ്റ് ദേശീയോദ്യാനം

PC: Wikipedia

രാജ്യത്തെ ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോര്‍ബെറ്റ് ദേശീയോദ്യാനം. ഉത്തരാഖണ്ഡിലെ നൈനിത്താള്‍, പൗരി ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണണ പ്രദേശവും, ഏറ്റവും വലിയ വന്യ ജീവി സങ്കേതവുമമാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (1901-13) ഇവിടെ 40,000 കടുവകള്‍ ഉണ്ടായിരുന്നത് 1970 ആയപ്പോഴേക്കും 2000 ആയി ചുരുങ്ങി. ഇതേതുടര്‍ന്ന് 1973 മുതല്‍ രാജ്യമൊട്ടുക്കും ആരംഭിച്ച പ്രോജക്ട് ടൈഗര്‍ പദ്ധതി ഇവിടെയും ഗുണകരമായി. ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് വന്യജീവി സങ്കേതം എന്നായിരുന്നു ഇതിന്റെ ആദ്യനാമം. 1936ല്‍ ഇത് ഹെയ്ലി ദേശീയോദ്യാനം എന്നായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇതിന്റെ പേര് രാം ഗംഗ ദേശയോദ്യാനമെന്നാക്കിയെങ്കിലും, 1957-ല്‍ ജിം കോര്‍ബെറ്റിന്റെ സ്മരണാര്‍ത്ഥം ജിം കോര്‍ബെറ്റ് ദേശീയോദ്യാനം എന്ന് പുനര്‍നാമകരണം ചെയ്തു.

സുന്ദര്‍ബന്‍ ദേശീയോദ്യാനം

PC: Wikipedia

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനമാണ് ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന സുന്ദര്‍ബന്‍. ഈ സുന്ദര്‍ബന്‍ ഡല്‍റ്റയിലെ, പശ്ചിമ ബംഗാളിലുള്‍പ്പെടുന്ന ഭാഗത്താണ് സുന്ദര്‍ബന്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. കണ്ടല്‍ക്കാടുകളില്‍ കടുവകളെ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് സുന്ദര്‍ബന്‍. കടുവകളില്‍ തന്നെ അപൂര്‍വ്വമായ ബംഗാള്‍ കടുവകളുടെ ഒരു ആവാസ കേന്ദ്രമാണ് സുന്ദര്‍ബന്‍ ദേശീയോദ്യാനം. 1330 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന ഈ ദേശീയോദ്യാനം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശമാണ്. 1984-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്.

Also Read: Monsoon Travel | മുംബൈയില്‍ നിന്ന് പോകാവുന്ന 'മഴ യാത്രകള്‍'

ഇന്ത്യയിലെ പ്രധാന കടുവ സംരക്ഷണകേന്ദ്രങ്ങള്‍

PC: Wikipedia

അസാമിലെ കാശിരംഗ ടൈഗര്‍ റിസര്‍വ്, നമേരി ടൈഗര്‍ റിസര്‍വ്, മനാസ് ടൈഗര്‍ റിസര്‍വ്; ആരുണാചലിലെ നംദഫ ടൈഗര്‍ റിസര്‍വ്, പാഘൂയി ടൈഗര്‍ റിസര്‍വ്; ആന്ധ്രാപ്രദേശിലെ നാഗാര്‍ജ്ജുന സാഗര്‍ ശ്രീശൈലം ടൈഗര്‍ റിസര്‍വ്; ബിഹാറിലെ വാല്മീകി ടൈഗര്‍ റിസര്‍വ്; ഛത്തീസ്ഗണ്ഡിലെ ഇന്ദ്രാവതി ടൈഗര്‍ റിസര്‍വ്, ഗുരു ഗാസിദാസ് ടൈഗര്‍ റിസര്‍വ്; ഝാര്‍ഖണ്ഡിലെ പലാമു ടൈഗര്‍ റിസര്‍വ്; മഹാരാഷ്ട്കരയിലെ മേല്‍ഘട്ട് ടൈഗര്‍ റിസര്‍വ്, പെഞ്ച് ടൈഗര്‍ റിസര്‍വ്, തഡോബ അന്ധേരി ടൈഗര്‍ റിസര്‍വ്, സഹ്യദ്രി ടൈഗര്‍ റിസര്‍വ്; മിസോറാമിലെ ഡംപ ടൈഗര്‍ റിസര്‍വ്, തമിഴ്‌നാട്ടിലെ കലാക്കാട് മുണ്ടതുറൈ ടൈഗര്‍ റിസര്‍വ്, മുതുമലൈ ടൈഗര്‍ റിസര്‍വ് എന്നിങ്ങനെ അന്‍പതിലധികം കടുവ സംരക്ഷണ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ