ആപ്പ്ജില്ല

കോട്ടിഗാവോ, ഗോവയിലെ ഈ 'രഹസ്യ സങ്കേത'ത്തെക്കുറിച്ച് അറിയാമോ!

മനോഹരമായ കോട്ടിഗാവോ വന്യജീവി സങ്കേതത്തെ ഗോവയിലെ 'രഹസ്യ സങ്കേതം' എന്ന് വിളിച്ചാലും തെറ്റില്ല. കാരണം പലര്‍ക്കും ഈ സ്ഥലത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല.

Samayam Malayalam 17 May 2022, 11:18 am

ഹൈലൈറ്റ്:

  • കോട്ടിഗാവോ വന്യജീവി സങ്കേതം 1968-ലാണ് സ്ഥാപിതമായത്.
  • സങ്കേതത്തിനുള്ള ഒരു പ്രധാനാകര്‍ഷണമാണ് ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്.
  • കാനക്കോണ മേഖലയിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Cotigao Wildlife Sanctuary - Goa
മനോഹരമായ കടല്‍ത്തീരങ്ങളും രാത്രി ആഘോഷങ്ങളുമൊക്കെ കൊണ്ട് ഗോവ ഇപ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കുന്നു. എന്നാല്‍ പലപ്പോഴും ഇവിടെയത്തുന്ന സഞ്ചാരികളില്‍ ഒട്ടുമിക്കവരും എത്താത്ത പല പ്രദേശങ്ങളുമുണ്ട്. അത്തരത്തില്‍ ഗോവയിലുള്ള പലരും കേട്ടിട്ടുപോലുമുണ്ടാവാത്ത ഒരു കാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നത്. ഗോവയിലെ മനോഹരമായ പ്രദേശമാണ് കോട്ടിഗാവോ വന്യജീവി സങ്കേതം. ഈ വന്യജീവി സങ്കേതത്തെ ഗോവയിലെ 'രഹസ്യ സങ്കേതം' എന്ന് വിളിച്ചാലും തെറ്റില്ല. കാരണം പലര്‍ക്കും ഈ സ്ഥലത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല.
ദക്ഷിണ ഗോവ ജില്ലയിലെ കാനക്കോണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം 1968-ലാണ് സ്ഥാപിതമായത്. സങ്കേതത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെ ഒരു ഇക്കോ ടൂറിസം കോംപ്ലക്സ് കാണാം. മനോഹരമായ കോട്ടേജുകള്‍, ലൈബ്രറി, ക്യാന്റീന്‍, പ്രകൃതി വ്യാഖ്യാന കേന്ദ്രം, കിഡ്സ് പാര്‍ക്ക്, റസ്‌ക്യൂ സെന്റര്‍, ക്യാന്റീന്‍ എന്നിവ ഈ സമുച്ചയത്തിലുണ്ട്.

സങ്കേതത്തിനുള്ള ഒരു പ്രധാനാകര്‍ഷണമാണ് ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്. അതിശയിപ്പിക്കുന്ന ഭംഗിയില്‍ ചിത്രശലഭങ്ങള്‍ ചുറ്റും പറക്കുന്ന ഈ പ്രദേശം ആരുടെയും മനം കവരും. പൂമ്പാറ്റകളുടെ ലോകമെന്ന് ഈ പാര്‍ക്കിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. 2011-ലാണ് സങ്കേതത്തിനുള്ളില്‍ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക് ആരംഭിച്ചത്. സംസ്ഥാന വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിക്ക് കീഴിലാണ് ബട്ടര്‍ഫ്‌ളൈ പാര്‍ക്ക് നിര്‍മ്മിച്ചത്.

നിഗൂഡതകള്‍ ഒളിപ്പിച്ചിരിക്കുന്ന ലഡാക്കിലെ ഹെമിസ് ഉത്സവത്തിന് പോകാന്‍ തയ്യാറെടുക്കാം
ഒട്ടേറെ ചിത്രശലഭങ്ങള്‍ ഈ പ്രദേശത്ത് എത്തിച്ചേരുകയും അവ തുടരുകയും ചെയ്യുന്നതിനാല്‍ ഈ പ്രദേശം ആരോഗ്യകരമായ ഭൂപ്രകൃതിയാല്‍ സമ്പന്നമാണെന്ന് ഉറപ്പിച്ച് പറയാം. ഇപ്പോള്‍ ഇവിടെ ചിത്രശലഭപ്രേമികളുടെ കേന്ദ്രമാണ്. 2000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പാര്‍ക്കിന്റെ പ്രധാന ലക്ഷ്യം ആവാസവ്യവസ്ഥയില്‍ ചിത്രശലഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നതാണ്.

മറ്റ് വന്യജീവിസങ്കേതങ്ങളിലെ പോലെ വൈവിധ്യമാര്‍ന്ന ഒരുപാട് മൃഗങ്ങളൊന്നും ഇവിടെ വസിക്കുന്നില്ലെങ്കിലും, വര്‍ണ്ണാഭമായ പക്ഷികളും അതി ഗംഭീരമായ വൃക്ഷങ്ങളുമൊക്കെക്കൊണ്ട് ഈ വന്യജീവി സങ്കേതം സമ്പന്നമാണ്. 30 മീറ്ററോളം ഉയരമുള്ള മരങ്ങള്‍ നിറഞ്ഞതാണ് ഈ വന്യജീവി സങ്കേതം. ഇലപൊഴിയും മരങ്ങള്‍, അര്‍ദ്ധ നിത്യഹരിത മരങ്ങള്‍, നിത്യഹരിത മരങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവിടുത്തെ വനം.

പറക്കുന്ന അണ്ണാന്‍, ഈനാംപേച്ചി, മാന്‍, നാല് കൊമ്പുള്ള മാന്‍, അണലി, പുള്ളിയുള്ള മരപ്പട്ടി, പുള്ളികളുള്ള പിക്കുലറ്റ്, പറക്കുന്ന പല്ലികള്‍, മലബാര്‍ പിറ്റ് വൈപ്പര്‍, ഹംപ്-നോസ്ഡ് പിറ്റ് വൈപ്പര്‍, വൈറ്റ്-ബെല്ലിഡ് വുഡ്പെക്കര്‍, മലബാര്‍ ട്രോഗണ്‍, വെല്‍വെറ്റ് ഫ്രണ്ടഡ് നത്താച്ച്, വുഡ്പെക്കര്‍സ്, ഗോള്‍ഡന്‍ ബാക്ക് ഗ്ലൈഡിംഗ് പാമ്പ്, മലബാര്‍ ട്രീ ടോഡ് ഇങ്ങനെ ഒട്ടേറെ ജീവികളും ഇവിടെ കാണാനുണ്ട്.

കോടമഞ്ഞില്‍ മൂടിയ മലനിരകള്‍ കാണാൻ ആന്ധ്ര പ്രദേശിലെ അരക്കു താഴ്‌വരയിലേയ്ക്ക്..
അരക്കിലോമീറ്റര്‍ മുതല്‍ 5 കിലോമീറ്റര്‍ വരെ നീളമുള്ള എട്ടോളം കാട്ടു പാതകളും വന്യജീവി സങ്കേതത്തിലുണ്ട്. പാര്‍ക്കിലും പരിസരത്തും താമസിക്കുന്ന വെലിപ്പ്, കുന്‍ബില്‍ തുടങ്ങിയ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുമായി ഇടപെഴകാനും സാധിക്കും. ഈ ഗോത്രവര്‍ഗ്ഗക്കാര്‍ തങ്ങളുടെ ജീവിതവും സംസ്‌കാരവും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന വളരെ സൗഹൃദപരമായ ആളുകളാണ്.

മൃഗങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ പുലര്‍ച്ച സമയവും സന്ധ്യ സമയവും തിരഞ്ഞെടുക്കുക. മൃഗങ്ങളെയും പക്ഷികളെയും നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യം വന്യജീവി സങ്കേതത്തിനുള്ളിലെ വാച്ച് ടവര്‍ ആണ്. 25 മീറ്ററോളം ഉയരമുള്ള ഈ വാച്ച് ടവര്‍ മൃഗങ്ങളുപയോഗിക്കുന്ന പ്രധാന ജലാശയത്തിനടുത്താണ്. ഇവിടെ നിന്നാല്‍ മൃഗങ്ങളെ ശല്യപ്പെടുത്താതെ അവയെ നിരീക്ഷിക്കാം.

മഡ്ഗാവില്‍ നിന്ന് 58 കി.മീ അകലെയാണ് കോട്ടിഗാവോ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തേക്ക് പോകാന്‍ മഡ്ഗാവില്‍ നിന്ന് ബസ്, ടാക്‌സി, റെന്റ് വെഹിക്കിള്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും. കാനക്കോണ റെയില്‍വെ സ്റ്റേഷന്‍ 20 കി.മീ അകലെയാണ്. അടുത്തുള്ള പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷന്‍ മഡ്ഗാവ് സ്റ്റേഷനാണ് (58 കി.മീ). അടുത്തുള്ള പ്രധാനപ്പെട്ട വിമാനത്താവളം 80 കി.മീ അകലെയുള്ള ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്.

ആര്‍ട്ടിക്കിള്‍ ഷോ