ആപ്പ്ജില്ല

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മലേഷ്യയിലേക്ക് ഇനി എളുപ്പം പോകാം, വിസ ഓണ്‍ അറൈവല്‍ വാഗ്ദാനം ചെയ്ത് രാജ്യം

വിസ ഓണ്‍ അറൈവല്‍ പ്രയോജനപ്പെടുത്തി, സ്ഥിരീകരിച്ച മടക്ക വിമാന ടിക്കറ്റ് കൂടി ഉപയോഗപ്പെടുത്തിയാല്‍ യാത്രക്കാര്‍ക്ക് 15 ദിവസം വരെ മലേഷ്യയില്‍ താമസിക്കാന്‍ സാധിക്കും

Samayam Malayalam 1 Jun 2022, 11:09 am

ഹൈലൈറ്റ്:

  • വിസ ഓണ്‍ അറൈവല്‍ നിയമം 2022 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
  • വിസ ഓണ്‍ അറൈവല്‍ ഫീസ്, 200 റിങ്കിറ്റ് അതായത് 3600 രൂപയാണ്.
  • കൂടാതെ യാത്രക്കാരുടെ കൈവശം 500 ഡോളറുമുണ്ടായിരിക്കണം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kuala Lumpur - Malaysia
മലേഷ്യയിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്ന എല്ലാ ഇന്ത്യന്‍ സഞ്ചാരികള്‍ക്കും ഒരു സന്തോഷവാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് മലേഷ്യയിലേക്ക് വിസ ഓണ്‍ അറൈവല്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്. നേരത്തെ 2022 മെയ് 1 മുതല്‍ പൂര്‍ണമായും വാക്സിനേഷന്‍ എടുത്ത വിദേശികള്‍ക്ക് ക്വാറന്റൈന്‍ രഹിതമായ യാത്ര അനുവദിച്ചിരുന്നു മലേഷ്യ. ഇപ്പോള്‍ തായ്ലന്‍ഡ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങളില്‍ നിന്ന് സാധുതയുള്ള വിസ ഉപയോഗിച്ച് മലേഷ്യയില്‍ എത്തുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് രാജ്യത്തേക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുന്നത്. ഈ പുതുക്കിയ നിയമം 2022 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
മലേഷ്യന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (മുംബൈ) ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ് - വിസ ഓണ്‍ അറൈവല്‍ ഫീസ്, 200 മലേഷ്യന്‍ റിങ്കിറ്റ് അതായത് 3600 ഇന്ത്യന്‍ രൂപ (46 യുഎസ് ഡോളര്‍) ആയിരിക്കും. കൂടാതെ യാത്രക്കാര്‍ തങ്ങളുടെ കൈവശം കുറഞ്ഞത് 500 യുഎസ് ഡോളര്‍ (38800 രൂപ) ഉണ്ട് എന്നതിന്റെ, ക്യാഷ്/ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/ സെന്‍ട്രല്‍ ബാങ്ക് ഓഫ് മലേഷ്യ (ബാങ്ക് നെഗാര മലേഷ്യ) സാക്ഷ്യപ്പെടുത്തിയ ട്രാവലേഴ്‌സ് ചെക്ക് അല്ലെങ്കില്‍ ഏതെങ്കിലും ഇലക്ട്രോണിക് മണി തുടങ്ങിയ തെളിവ് കാണിക്കേണ്ടതുണ്ട്.

വിസ ഓണ്‍ അറൈവല്‍ പ്രയോജനപ്പെടുത്തി, സ്ഥിരീകരിച്ച മടക്ക വിമാന ടിക്കറ്റ് കൂടി ഉപയോഗപ്പെടുത്തിയാല്‍ യാത്രക്കാര്‍ക്ക് 15 ദിവസം വരെ മലേഷ്യയില്‍ താമസിക്കാനും പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും സാധിക്കും. മെയ് 1 മുതല്‍ വിദേശികള്‍ക്കായി പുതുക്കിയ യാത്രനയങ്ങള്‍ പ്രഖ്യാപിച്ചത് പ്രകാരം പൂര്‍ണമായും വാക്സിനേഷന്‍ എടുത്ത മറ്റു രാജ്യക്കാര്‍ക്ക്, പുറപ്പെടുന്നതിന് മുമ്പും എത്തിച്ചേരുന്നതിനും ശേഷവും കോവിഡ്-19 പരിശോധനകള്‍ നടത്തേണ്ടതില്ല. 17 വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കും ഇത് ബാധകമാണ്.

120-ഓളം കൊടുമുടികള്‍, 200-ലധികം ബീച്ചുകള്‍, മെഡിറ്ററേനിയനിലെ നാലാമത്തെ വലിയ ദ്വീപിലേക്ക് പോകാം
മലേഷ്യന്‍ യാത്ര നടത്തുന്നതിന് ഓണ്‍ലൈനായി ഇ-വിസയ്ക്കും അപേക്ഷിക്കാന്‍ സാധിക്കും. രാജ്യാന്തരയാത്രകളില്‍ കോവിഡ് പശ്ചാത്തലത്തിലെ മുമ്പത്തെ നിയന്ത്രണങ്ങള്‍ പലതും മാറ്റിയത്തോടെ ഇന്ത്യന്‍ യാത്രികര്‍ കൂടുതല്‍ പോകുന്ന സ്ഥലങ്ങളിലൊന്നായിരിക്കുകയാണ് മലേഷ്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇപ്പോള്‍ മലേഷ്യന്‍ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ, മലിന്‍ഡോ എയര്‍, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാന സര്‍വ്വീസുകള്‍ ഇന്ത്യയ്ക്കും മലേഷ്യയ്ക്കുമിടയില്‍ ആഴ്ചയില്‍ 18000-ലധികം സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കോവിഡ് പകര്‍ച്ചവ്യാധി, മലേഷ്യയിലെ ടൂറിസം മേഖലയ്ക്ക് ശക്തമായ തിരിച്ചടിയായിരുന്നു നല്‍കിയത്. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു ടൂറിസം. ഇപ്പോല്‍ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും ഇന്ത്യന്‍ക്കാര്‍ക്ക് മലേഷ്യയിലേക്കുള്ള യാത്രയെ ലളിതമാക്കുമെന്നാണ് രാജ്യത്തിന്റെ ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്. ഇത് മലേഷ്യയിലേക്ക് കൂടുതുല്‍ സഞ്ചാരികളെ എത്തിക്കുമെന്നും ടൂറിസം മേഖലയ്ക്ക് കരുത്തുപകരുമെന്നും കരുതുന്നു.

അബുദാബിയിലെ ഈ കണ്ടല്‍ക്കാടിനുള്ളിലൂടെ ചുറ്റിയടിക്കാം
പതിമൂന്ന് സ്‌റ്റേറ്റുകള്‍ ചേര്‍ന്ന തെക്കുകിഴക്കന്‍ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. തെക്കന്‍ ചൈന കടല്‍ മലേഷ്യയെ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിച്ചിരിക്കുന്നു. തായ്ലന്‍ഡിനോടും സിംഗപൂരിനോടും അതിര്‍ത്തി പങ്കിടുന്ന മലേഷ്യന്‍ ഉപദ്വീപാണ് ഒരു ഭാഗം. ബോര്‍ണിയോ ദ്വീപിലുള്ള രണ്ടാമത്തെ ഭാഗം, ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. സഞ്ചാരികളെ ആശ്ചശ്യപ്പെടുത്തുന്ന നിരവധി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും കാഴ്ചകളുമൊക്കെ ഇവിടെയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ