ആപ്പ്ജില്ല

Bigg Boss Malayalam 2; മഞ്ജു അങ്ങനെ പോയിട്ടുണ്ടോ? എന്നോടൊരാൾ പറഞ്ഞല്ലോ', തുറന്നു പറഞ്ഞു മഞ്ജു പത്രോസ്!

കല്യാണം കഴിഞ്ഞ ഒരു മാസം മാത്രമേ താൻ സ്വന്തം വീട്ടിൽ നിന്നിട്ടുള്ളൂ; 'പൂച്ച ഇല്ലം മാറുന്നപോലെ വീട് മാറികൊണ്ടിരിക്കുകയല്ലേ'ചോദ്യശരങ്ങൾക്ക് മുൻപിൽ പിടിച്ചു നിന്ന കഥപറഞ്ഞു മഞ്ജു പത്രോസ്!

Samayam Malayalam 19 Jan 2020, 7:47 am
മിനീസ്ക്രീൻ പ്രേക്ഷകരുടെ മനസ്സു കീഴടക്കി ബിഗ്‌ സ്ക്രീനിലും സാന്നിധ്യമറിയിച്ച ശേഷമാണു മഞ്ജു ബിഗ്‌ ബോസ് വീട്ടിലേക്കു എത്തിയത്. മത്സരത്തിലേക്കെത്തിയ മഞ്ജു തന്റെ നിലപാടുകൾ ശക്തമായി അവതരിപ്പിക്കുന്നതാണ് കണ്ടത്. കളിക്കും ചിരിക്കുമൊപ്പം കാര്യത്തിന് കാര്യവുമായി മഞ്ജു ബിഗ് ബോസ് വീട്ടിൽ മുന്നേറുകയാണ്. ഇപ്പോഴിതാ സഹമത്സരാർഥികൾക്കു മുന്നിൽ തന്റെ കഥ തുറന്നുപറയുകയാണ് മഞ്ജു.
Samayam Malayalam bigg boss manju


താൻ ജനിച്ചു വളർന്ന കിഴക്കമ്പലം എന്ന ഗ്രാമത്തെക്കുറിച്ചു പറഞ്ഞാണ് മഞ്ജു കഥപറച്ചിൽ തുടങ്ങിയത്. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് തന്റെ വീട്ടിൽ കറന്റ്‌ എത്തിയതെന്നും കോളേജിൽ നിന്ന് ഒരു ദിവസം വീട്ടിൽ വന്നപ്പോൾ ബോണസ് കിട്ടിയ പണം കൊണ്ട് പപ്പാ വാങ്ങിയ ടിവി കണ്ടു സന്തോഷിച്ചതുമൊക്കെ ഇന്നലെ നടന്ന സംഭവങ്ങൾ പോലെ ഓർത്തെടുത്തു വിവരിക്കുകയായിരുന്നു മഞ്ജു.

'ഇരുമ്പ് പോലൊരു പപ്പ' ഇങ്ങനെയാണ് മഞ്ജു തന്റെ അച്ഛനെ കുറിച്ച് പറഞ്ഞത്. എന്ത് ആവശ്യം പറഞ്ഞാലും തന്നാൽ ആവുന്ന രീതിയിൽ ചെയ്തു തരുന്ന ആളാണ് പപ്പയെന്നും മഞ്ജു പറഞ്ഞു. സൂപ്പർമാൻ എന്നായിരുന്നു പപ്പയെ വിശേഷിപ്പിച്ചത്.

2005 ഒക്ടോബറിൽ വിവാഹശേഷം ഉണ്ടായ സംഭവങ്ങളാണ് മഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികൾ. ഭർത്താവ് സുനിച്ചന് ഉണ്ടായിരുന്ന കടം വീട്ടാൻ കഴിയാതെ അനുഭവിക്കേണ്ടി വന്ന വിഷമങ്ങളും കേട്ട കുത്തുവാക്കുകളും ഓർത്തപ്പോൾ മഞ്ജുവിന്റെ വാക്കുകൾ ഇടറി. തന്റെ സ്വർണം മുഴുവൻ കളഞ്ഞിട്ടും അതിന്റെ ഒരു ഭാഗം പോലും തീർക്കാൻ കഴിഞ്ഞില്ല.

'കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാൽ പേടിയാണ് കടക്കാരാണോ എന്നോർത്ത്, ഫോൺ അടിച്ചാൽ എടുക്കാൻ പേടിയായിരുന്നു. പുറത്തിറങ്ങിയാൽ കാണുന്നതെല്ലാം പണം കൊടുക്കാനുള്ള ആളുകളെ', മഞ്ജു പറഞ്ഞു.

READ ALSO: പോയ വാരത്തെ പോസ്റ്റ്മോർട്ടം ചെയ്തു ലാലേട്ടൻ, തെളിവുസഹിതം പൊളിച്ചടുക്കിയ വാദങ്ങൾ; പുറത്താകുന്നതാര്?

ഇപ്പോഴും സ്വന്തമായി ഒരു വീടില്ലാത്തതിന്റെ സങ്കടം താരം തുറന്നുപറഞ്ഞു. കല്യാണം കഴിഞ്ഞ ഒരു മാസം മാത്രമേ താൻ സ്വന്തം വീട്ടിൽ നിന്നിട്ടുള്ളെന്നും മഞ്ജു പറഞ്ഞു. 'പൂച്ച ഇല്ലം മാറുന്നപോലെ വീട് മാറികൊണ്ടിരിക്കുകയല്ലേ' എന്ന ചോദ്യങ്ങൾ നേരിടേണ്ടി വന്നതും അവർ അവതരിപ്പിച്ചു.

താൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആളുകൾ പറഞ്ഞു നടക്കുന്നതു കേൾക്കുമ്പോഴുള്ള സങ്കടവും മഞ്ജു പറഞ്ഞു. 'മഞ്ജു അങ്ങനെ പോയിട്ടുണ്ടോ? എന്നോടൊരാൾ പറഞ്ഞല്ലോ' തുടങ്ങിയ വാക്കുകൾ ആരോടും പറയരുതെന്നും അതു കേൾക്കുമ്പോഴുള്ള അവസ്ഥയും മഞ്ജു വീടിനുള്ളിൽ തുറന്നുപറഞ്ഞു. തന്നെ സുഹൃത്തുക്കൾ ചേർത്ത് നിർത്തിയതുപോലെ വേറാരും നിർത്തിയിട്ടില്ലെന്നും അവരൊന്നും ഇല്ലെങ്കിൽ 'മഞ്ജു പത്രോസ്' ഇല്ലെന്നും പറഞ്ഞാണ് മഞ്ജു കഥ പറഞ്ഞവസാനിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ