ആപ്പ്ജില്ല

മഹാലക്ഷ്മി എന്റെ കുഞ്ഞനുജത്തി! ചടങ്ങിൽ നിറഞ്ഞു നില്ക്കാൻ ഒരു കാരണം ഉണ്ട്; വിന്ദുജാ മേനോൻ പറയുന്നു!

കഴിഞ്ഞ ദിവസം വിന്ദുജയും മകളും മഹാലക്ഷ്മിയുടെ വിവാഹത്തിന് എത്തിയപ്പോൾ മുതലാണ് മഹാലക്ഷ്മിയും, താരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആരാധകർ വാചാലർ ആകുന്നത്. വിവാഹത്തിന് അമ്മയും മകളും നിറസാന്നിധ്യം ആയതിന്‌ പിന്നിൽ ഒരു കാരണം ഉണ്ട്!

Samayam Malayalam 17 Dec 2019, 5:06 pm
പവിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷി ആയെത്തിയ ആ പഴയ പ്രീഡിഗ്രിക്കാരി തന്നെയാണ് ഇന്നും വിന്ദുജാ മേനോൻ എന്ന നടി മലയാളികൾക്ക്. നിര്‍മ്മാതാവായി മിനി സ്ക്രീനില്‍ എത്തിയ മമ്മൂട്ടിയ്ക്ക് പത്തരമാറ്റിന്റെ വിജയം നൽകിയ ജ്വാലയായിലെ നന്ദിനിയായും, സ്ത്രീ എന്ന പരമ്പരയിലെ സുനിത ആയും, തിളങ്ങിയ വിന്ദുജ ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെയാണ് അൽപ്പ നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ ദിവസം വിന്ദുജയും മകളും മഹാലക്ഷ്മിയുടെ വിവാഹത്തിന് എത്തിയപ്പോൾ മുതലാണ് വിന്ദുജയെപ്പറ്റി പ്രേക്ഷകർ വീണ്ടും വാചാലരായത്.
Samayam Malayalam Vindhuja Menon


വിന്ദുജയുടെയും മകളുടേയും വീഡിയോ വൈറൽ ആയപ്പോൾ മുതൽ, വിന്ദുജയുടെ ആരാകും മഹാലക്ഷ്മി എന്ന തരത്തിൽ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ചടങ്ങിൽ ഉടനീളം എവിടെയും ഇരിക്കാതെ, വരുന്ന അതിഥികളെ എല്ലാം സ്വീകരിച്ചാനയിച്ച്‌ ഇരുത്തുന്ന തിരക്കിൽ ആയിരുന്നു താരവും മകളും. ഇത് തന്നെയാണ് പ്രേക്ഷകരുടെ സംശയം കൂടാൻ കാരണമായതും. ഇതിനു ഉത്തരം നൽകുകയാണ് ഇപ്പോൾ താരം സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ...
മഹാലക്ഷ്മി എനിക്ക് കുഞ്ഞനുജത്തി!
" എന്നെയും മോൾ നേഹയേയും ചടങ്ങിൽ കണ്ടപ്പോൾ മുതൽ ആളുകൾ ചോദിക്കുന്ന സംശയം ആണ് ഇപ്പോൾ നിങ്ങളും ചോദിച്ചത്. അതിന് ഒറ്റ കാരണം മാത്രമേ ഉള്ളൂ, മഹാലക്ഷ്മി എനിയ്ക്ക് എന്റെ കുഞ്ഞനുജത്തിയാണ്. അവൾ ഞങ്ങളുടെ മുൻപിൽ വളർന്ന് വന്ന കുട്ടിയാണ്. അവൾ എന്റെ അനുജത്തി എന്ന് പറയുമ്പോൾ, അതിനു ബ്ലഡ് റിലേഷൻ വേണം എന്നില്ല. കാരണം ലക്ഷ്മിയുടെ അച്ഛൻ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. ജീവിതത്തിലെ പല നല്ല മുഹൂർത്തങ്ങൾ അറിയുന്നതും, അത് ആഘോഷിക്കുന്നതും അദ്ദേഹവും ഒത്താണ്. സർവേശ്വരൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. അമ്മ കേരള നാട്യ അക്കാദമി തുടങ്ങി കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഞങ്ങളുടെ മൃദംഗിസ്റ്റായി കൂടെ കൂടുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം ഞങ്ങൾക്ക് ആരൊക്കെയോ ആണ്. അദ്ദേഹത്തിന് എന്റെ അമ്മ വിമല മേനോൻ ഒരു മൂത്ത മകന്റെ സ്ഥാനമാണ് നൽകിയിരിക്കുന്നത്.",
മഹാലക്ഷ്മിയുടെ വിവാഹത്തിനായുള്ള വരവ്!
" ലക്ഷ്മിയുടെ വിവാഹത്തിന് ഞങ്ങൾ ആരും റെസ്റ്റ് എടുത്ത് മാറി ഇരിക്കേണ്ടവർ അല്ല, കാരണം അവളുടെ വിവാഹത്തിനായിട്ടാണ്, ഞാൻ മലേഷ്യയിൽ നിന്നും, എന്റെ സഹോദരൻ ദുബായിൽ നിന്നും എത്തുന്നത്. സഹോദരൻ ദുബായിൽ നിന്ന് ഒരു ദിവസത്തേക്കാണ് ഈ വിവാഹ ആവശ്യത്തിനായി എത്തുന്നത്. ചടങ്ങിനിടയിൽ മകൾ എന്നോട് ഇടയ്ക്ക് പറയുമായിരുന്നു, അമ്മ കുറച്ചുനേരം റെസ്റ്റ് എടുത്തോളൂ എന്ന്. പക്ഷെ അപ്പോൾ ഞാൻ അവളോട് പറഞ്ഞു,നമ്മൾ ഈ വിവാഹത്തിന് ഇരിക്കേണ്ടവർ അല്ല, നമ്മൾക്ക് ചില ചുമതലകൾ ഉണ്ട് എന്ന്. അത് അനുസരിച്ചാണ് എന്റെ ഒപ്പം അവളും അതിഥികളെ സ്വീകരിക്കാൻ കൂടുന്നത്"
അമ്മയാണ് മഹാലക്ഷ്മി എന്ന പേരിട്ടത്!
" എന്റെ അമ്മയാണ് മഹാലക്ഷ്മിയ്ക്കും, അവളുടെ അനുജനും പേരിടുന്നത്. അവർ ഞങ്ങളുടെ മുൻപിലാണ് വളർന്നത്. അവളുടെ കലാപരമായ കഴിവുകളെല്ലാം ഞങ്ങൾ അത്രയും ആസ്വദിച്ചിരുന്നു. അവൾ വളർന്നു വലുതായി, നല്ലൊരു കുടുംബത്തിലേക്ക് പോകുമ്പോൾ കൈ പിടിച്ചു കൊടുക്കേണ്ടത് ഞങ്ങൾ കൂടിയാണ്. അത് ഒരു അനുഗ്രഹീത നിമിഷം ആയി കരുതുന്നു. മുപ്പത്തിയഞ്ചു വർഷത്തിൽ അധികമായി സർവ്വേശ്വരൻ സാർ ഞങ്ങളുടെ ഒപ്പമാണ്. ഞാൻ കലാതിലകമായി എന്ന് അദ്ദേഹമാണ് എന്നോട് ആദ്യം തുറന്നു പറയുന്നത്",

1991ല്‍ കാസര്‍കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്ന വിന്ദുജ ഇത്തവണത്തെ കലോത്സവത്തിൽ നിറസാന്നിധ്യമായിരുന്നതും മാധ്യമങ്ങൾ ഏറെ ആഘോഷമാക്കിയിരുന്നു. അതിനുശേഷമാണ് താരം വീണ്ടും ഒരു പൊതു വേദിയിൽ എത്തുന്നത്. ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കും ഒപ്പം മലേഷ്യയിൽ ആണെങ്കിലും താരം ഇടയ്ക്കിടെ കേരളത്തിൽ വന്ന് പോകാറുണ്ട്. മലേഷ്യയിലും കേരളത്തിലുമായി വിന്ദുജ നൃത്ത വിദ്യാലങ്ങളും നടത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ