ആപ്പ്ജില്ല

മോളെയും കൊന്ന് മരിച്ചാലോ എന്ന് തോന്നി; അവൾ പോയതോടെ മോൾ മിണ്ടാതെയായി; ജീവിതം സീറോയിൽ നിന്നും പിന്നെയും തുടങ്ങി!

കുഞ്ഞിന്റെ കാര്യം പറഞ്ഞാൽ ഞാൻ ഇപ്പോഴും കരഞ്ഞുപോകും, നമ്മളെ വേദനിപ്പിച്ചവർ ആണ് നമ്മൾ എന്താണ് എന്ന് അറിയാൻ സഹായിക്കുക., അതുകൊണ്ട് വേദനിപ്പിച്ചവരോട് നന്ദി മാത്രമേ ഉള്ളൂ എനിക്ക്

Produced byഋതു നായർ | Samayam Malayalam 31 Mar 2024, 9:10 am
സോഷ്യൽ മീഡിയയിൽ ഒരു ചുന്ദരികുട്ടി ഉണ്ട്, അച്ഛന്റെ ഒപ്പം റീൽസിലൂടെ ആരെയും ഒന്ന് മയക്കിയെടുക്കും ആ ചുരുണ്ട മുടിക്കാരി. ചിക്കു എന്ന ചെല്ലപ്പേരിൽ അവളെ അറിയുന്ന ഒരുപാട് ആളുകൾ ഇൻസ്റ്റയിലുണ്ട്. അവളെ മാത്രമല്ല അവളുടെ അച്ഛൻ വിപിനെയും കുടുംബത്തെയും മിക്കവർക്കും അറിയാം. അടുത്തിടെയാണ് തന്റെ അച്ഛന്റെ വിവാഹവിശേഷം പറഞ്ഞുകൊണ്ട് ചിക്കു എത്തിയത് അതോടെ ആ വീഡിയോ ഒരുപാട് ആളുകൾ കാണുകയും കുടുംബത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുകയും ചെയ്തു. എന്നാൽ ഇന്ന് കാണുന്ന ചിക്കുവായി മാറാൻ, ആ കുരുന്നും അവളുടെ അച്ഛനും ഏറെ പ്രതിസന്ധികൾ അതിജീവിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ ചിക്കുവിന്റെ അച്ഛൻ വിപിൻ കെ ദാസ് മനസ്സ് തുറക്കുകയാണ്. വിശേഷങ്ങളിലേക്ക്...
Samayam Malayalam reels stars vipin k das opens up about how chikku and himself overcomes the struggling period exclusive interview
മോളെയും കൊന്ന് മരിച്ചാലോ എന്ന് തോന്നി; അവൾ പോയതോടെ മോൾ മിണ്ടാതെയായി; ജീവിതം സീറോയിൽ നിന്നും പിന്നെയും തുടങ്ങി!


കഴിഞ്ഞതെല്ലാം കഴിഞ്ഞു!

കഴിഞ്ഞതൊക്കെ കഴിഞ്ഞു എന്ന നിലയിലൂടെയാണ് നമ്മുടെ ജീവിതം മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നത്. ചെറുപ്പം മുതലേ എല്ലാ കാര്യങ്ങളും നമ്മൾ അച്ഛനോടും അമ്മയോടും സംസാരിക്കുന്ന ആളുകൾ ആണ്. അതിപ്പോൾ സങ്കടം ആണെങ്കിലും, സന്തോഷമാണെങ്കിലും അങ്ങനെ തന്നെ ആയിരുന്നു. ആദ്യ വിവാഹവും അങ്ങനെ തന്നെ. പ്രണയിച്ചാണ് വിവാഹം നടക്കുന്നത്. ഇപ്പോഴത്തെ വലിയ സന്തോഷമാണ് വിവാഹം എന്നൊന്നും പറയുന്നില്ല. കാരണം ജീവിതം എന്നെ പഠിപ്പിച്ച പാഠം അതാണ്. ദുഃഖം വന്നാലും അതിനു വലിയ ആയുസ്സ് ഇപ്പോൾ ജീവിതത്തിൽ നല്കറില്ല. അതിനുവേണ്ടുന്ന സൊല്യൂഷൻ ഞാൻ തന്നെ കണ്ടെത്തും.

ഗ്രീഷ്മയാണ് എന്റെ ജീവിത സഖി ആയി എത്തിയിരിക്കുന്നത്. കോട്ടയത്തുകാരിയാണ്, ടീച്ചർ ആണ്. ഗ്രീഷ്മയുടെ മുൻ ഭർത്താവ് മരണപ്പെട്ടതാണ്, മകളുണ്ട് കാശ്മീര. എന്റെ ഒരു സുഹൃത്ത് വഴി വന്ന ആലോചനയാണ്- വിവാഹവിശേഷങ്ങൾ പങ്കിട്ടുകൊണ്ട് വിപിൻ സംസാരിച്ചു തുടങ്ങുന്നു.

ചിക്കുവിനെപോലെ ഒരു മകൾ കാശ്മീര

ആദ്യം നമ്മൾ പരസ്പരം സംസാരിച്ചു, ആറുമാസത്തോളം നമ്മൾ സംസാരിച്ചാണ് വിവാഹത്തിലേക്ക് എത്തിയത്. അച്ഛനും അമ്മയും അനുജനും, അദ്ദേഹത്തിന്റെ ഭാര്യയും അടങ്ങുന്നതാണ് ഗ്രീഷ്മയുടെ കുടുംബം. ഗ്രീഷ്മയെക്കാളും കൂടുതൽ ശ്രദ്ധ നമ്മൾ ഇപ്പോൾ കൊടുക്കുന്നത് മോൾക്കാണ് കാരണം അവളെ ഒരു ചെടി ഒരു സ്ഥലത്തുനിന്നും പറിച്ചെടുത്ത് മറ്റൊരു സ്ഥലത്തേയിലേക്ക് എത്തിക്കും പോലെയാണ് നോക്കേണ്ടത്. എന്റെ മകൾ ചിക്കു പഠിക്കുന്ന സ്‌കൂളിൽ അവളെയും ചേർക്കാൻ ഒക്കെയാണ് നമ്മൾ ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. എന്റെ കുടുംബവുമായി ഇണങ്ങും എന്നുള്ളതുകൊണ്ടാണ് ഗ്രീഷ്മയുമായുള്ള വിവാഹത്തിലേക്ക് എത്തിയത്. ചിക്കുവിനെ സംബന്ധിച്ചിടത്തോളം അവൾ നല്ല മച്വേഡ് ആയ കുട്ടിയാണ്. കാശ്മീര അങ്ങനെയല്ല. എല്ലാത്തിനും പേടിച്ചു മാറി നിൽക്കുന്ന കുട്ടിയാണ്, അവളെയും ചിക്കുവിനെ പോലെ ആക്കണം എന്നതാണ് ആദ്യ പ്രയോരിറ്റി.

​ജീവിതത്തിൽ നോ പറയാൻ പഠിച്ചു

ആർക്കെങ്കിലും എന്തെങ്കിലും സങ്കടം ആയാലോ എന്ന് കരുതി ഞാൻ നോ പറയാറില്ലായിരുന്നു. പക്ഷേ ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നു. നോ പറയേണ്ട സ്ഥലത്ത് നോ പറയാൻ പഠിച്ചു. അത് പഠിച്ചാൽ തന്നെ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവരും നമ്മുടെ കൂട്ടത്തിൽ ഇങ്ങനെ നിൽക്കണം എന്നുള്ള ആളാണ് ഞാൻ. എനിക്ക് ചേർത്തുപിടിക്കാൻ ആണ് ഇഷ്ടം. ഒരു വിവാഹത്തിന് പോണം എങ്കിൽ കൂടി എനിക്ക് തലേ ദിവസം തന്നെ പോണം എന്നുള്ളതാണ്. പക്ഷെ ഇന്ന് ഞാൻ എനിക്ക് ചുറ്റും ഒരു സർക്കിൾ വരച്ചിട്ടുണ്ട്. ആ സർക്കിളിനുള്ളിൽ ആര് കയറണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്. സത്യത്തിൽ എന്നെ അത് പഠിപ്പിച്ചു തരുന്നത് എന്റെ അടുത്ത സുഹൃത്താണ്, ​ഒരുസഖാവ്. ഇന്നും ഞാൻ ആ ഉപദേശം എന്റെ ജീവിതത്തിൽ പാലിക്കുന്നു. കാരണം അത് വലിയ ഒരു പാഠവും, എന്റെ ജീവിതത്തിൽ വലിയ ഒരു മാറ്റവും ആണ് വരുത്തിയത്.

അതൊന്നും ഞാൻ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല

നമ്മുടെ സന്തോഷവും ദുഖവും നമ്മുടേതാണ്. എന്റെ 24 മണിക്കൂറിനെ ഞാൻ കൃത്യമായി മാറ്റി വച്ചിട്ടുണ്ട് ഇപ്പോൾ. അതിൽ രണ്ടുമണിക്കൂർ എന്റെ മാത്രമാണ്. ഞാൻ ഇപ്പോൾ എന്നെ സ്വയം സ്നേഹിച്ചുതുടങ്ങി എന്നുള്ളതാണ് സത്യം. നാല് വർഷങ്ങൾ കൊണ്ട് ഞാൻ എന്റെ ജീവിതത്തിൽ വരുത്തിയ വലിയ മാറ്റവും അത് തന്നെയാണ്. ആളുകളോട് നല്ല രീതിയിൽ ഇടപഴകുന്ന ആളാണ് ഞാൻ. എനിക്ക് എല്ലാവരും വേണം. ഒരുപാട് പ്രതിസന്ധികൾ ജീവിതത്തിൽ അതിജീവിച്ചപ്പോഴും കൂടെ നിന്നതും ഈ ആളുകളും, എന്റെ വീട്ടുകാരുമാണ്. എന്റെ കുഞ്ഞും ഞാനും മാത്രമായി കരഞ്ഞു തീർത്ത ദിനങ്ങൾ ഉണ്ട് നമ്മുടെ ജീവിതത്തിൽ . അതൊന്നും കൂടുതലായി ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല.

എന്നെ കൂട്ടുകാർ കളിയാക്കിയിട്ടുണ്ട്

ഞാൻ എവിടെപ്പോയാലും അവൾ (എന്റെ ആദ്യ ഭാര്യ) കൂടെ ഉണ്ടായിരുന്നു. എന്റെ സുഹൃത്തുക്കൾ എന്നെ കളിയാക്കിയിട്ടുണ്ട്. എന്തിലും ഏതിനും ഒപ്പം കൂട്ടുന്നു, എനിക്ക് ഒരു പെഗ്ഗ് അടിക്കണം എങ്കിലും അവൾ കൂടെ ഉണ്ടാകുമല്ലോ എന്നായിരുന്നു അവരുടെ പരാതി. എന്റെ ഒരു ആഗ്രഹം എന്ന് വച്ചാൽ എന്നും ഹണിമൂൺ ആഘോഷിക്കണം എന്നായിരുന്നു. പിന്നെ മറ്റൊരു സംഗതി ഒരു അച്ഛൻ ഒരു മകളെ നമ്മളെ ഏൽപ്പിക്കുമ്പോൾ അവർ നോക്കിയതിലും മനോഹരമായി അവരെ നോക്കണം എന്നല്ലേ. അവൾക്ക് നമ്മുടെ വീട്ടിൽ വരുമ്പോൾ എല്ലാം പുതിയത് അല്ലെ, അപ്പോൾ അവളെ അത്രയും ഹാപ്പി ആക്കി വയ്ക്കണം എന്നാണ് ഞാൻ ചിന്തിച്ചത്. ഗ്രീഷ്മയുടെ കാര്യത്തിലും ഞാൻ അങ്ങനെ തന്നെയാണ്. എന്റെ വീട്ടിൽ എല്ലാവർക്കും അവളെ അത്രയും ഇഷ്ടമായിരുന്നു. ചേച്ചിയും അനുജനും തമ്മിൽ അത്രയും ഇഷ്ടവും. (പഴയകാര്യങ്ങൾ പറയുമ്പോൾ വിപിൻറെ ശബ്ദത്തിൽ ഇടർച്ച)

അവളെ ഞാൻ ഒന്ന് നുള്ളി വേദനിപ്പിച്ചിട്ടില്ല എന്നിട്ടും...

എന്റെ ആദ്യ ഭാര്യയെ ഞാൻ ഒന്ന് നുള്ളി വേദനിപ്പിച്ചതല്ല. അവളെ ഡ്രൈവിംഗ് ഒക്കെ പഠിപ്പിച്ചതും ഞാൻ ആണ്. ഇപ്പോഴും അതൊന്നും ഓർക്കാൻ എനിക്ക് താത്പര്യമില്ല. ഒരു സുപ്രഭാതത്തിൽ ആണ് അവൾ മിസ്സിംഗ് ആകുന്നത്. ഞാൻ പോലീസിൽ കംമ്പ്ലെയിന്റ് കൊടുത്തു. അവൾ എങ്ങോട്ടാണ് പോകുന്നതെന്നോ, എന്തെന്നോ നമുക്ക് അറിയില്ലായിരുന്നു. ഞാൻ അത്രയും സ്നേഹത്തോടെ ജീവിതത്തിൽ ചേർത്ത് പിടിച്ചു കൊണ്ട് നടക്കുന്ന ആളല്ലേ. അപ്പോൾ സംശയങ്ങൾ ഒന്നും തോന്നിയതുമില്ല. അമ്മ പോയതോടെ മോൾ സംസാരിക്കാതെ ആയി. അന്ന് ഞാനും ആയി മോൾ അത്ര അറ്റാച്ഡ് ആയിരുന്നില്ല. പക്ഷെ അന്നത്തെ നാല് വയസ്സുകാരി അല്ല ഇന്നവൾ. അവൾക്ക് ഇന്ന് എല്ലാം, എല്ലാം മനസിലാക്കാനാകുന്നുണ്ട്.

ആദ്യം ഞാൻ അവളെ തിരികെ കൊണ്ട് വന്നതാണ്!

ഞാൻ അവളെ തിരികെ കൊണ്ട് വന്നതാണ് വീട്ടിലേക്ക്. ഭാര്യക്ക് ഒരു തെറ്റ് പറ്റിയാൽ ഭർത്താവായ ഞാൻ ആണ് ക്ഷമിക്കേണ്ടത്. ഞാൻ അവിടെയും ക്ഷമിച്ചു. അവളെ ഞാൻ കൂട്ടിയാൽ കുടുംബത്തിനുള്ള സന്തോഷവും സമാധാനവും ആണ് വലുത് എന്ന് ചിന്തിച്ചു. എന്റെ വീട്ടുകാർക്കും അതിൽ വിയോജിപ്പ് ഉണ്ടായിരുന്നില്ല. അങ്ങനെ ഞാൻ അവളെ കൂട്ടികൊണ്ട് വരാൻ തന്നെ തീരുമാനിച്ചു. അവളോട് അത് പറയുകയും ചെയ്തു. അവൾ അന്ന് അവളുടെ വീട്ടിലേക്ക് പോയി. പക്ഷെ രാത്രിയിൽ എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പോലും പേടി ആയി. അവസാനം ഞങ്ങൾ അച്ഛനും അമ്മയും അനുജനും മോളും എല്ലാവരും കൂടി ഒരുമിച്ചു കിടക്കാൻ തുടങ്ങി. അത്രയും ഞാൻ ഒറ്റക്ക് ആയപോലെ തോന്നി. രണ്ടുമാസത്തോളം ഞാൻ അങ്ങനെ ആയിരുന്നു. അനുജൻ പോയി അവളെ കാണാൻ, അവൾ കരഞ്ഞു എന്നാണ് അവൻ പറയുന്നത്. അങ്ങനെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു..

നമ്മുടെ ജീവിതം മാറി മറിഞ്ഞു

അനുജന്റെ കല്യാണം നവംബറിൽ ആണ് പറഞ്ഞുവച്ചത്. നീ വരണം എന്നൊക്കെ അവളോട് പറഞ്ഞു. അങ്ങനെ എല്ലാം മറക്കാൻ വേണ്ടി നമ്മൾ റെഡി ആയിരുന്നു. പലപ്പോഴായി ഞാൻ ഇവളെ വിളിക്കുന്നുണ്ട്, സംസാരിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ ഒരു ട്വിസ്റ്റ് സംഭവിച്ചു. അവളെ പിന്നെയും കാണാതെ ആയി. അതോടുകൂടി നമ്മൾ എല്ലാവരും മാറി. നമ്മുടെ തീരുമാനവും മാറി. അവൾക്കെതിരെ അവരുടെ വീട്ടുകാർ കേസ് കൊടുത്തു. എന്റെ വീട്ടിൽ വരണ്ട കുഞ്ഞിനെ ഓർത്തു തിരികെ അവളുടെ വീട്ടിലേക്ക് എങ്കിലും വരണമെന്ന് ഞാൻ അവളുടെ കാല് പിടിച്ചു പറഞ്ഞതാണ്. അതും മോൾക്ക് വേണ്ടി. കാരണം കുഞ്ഞ് അവളോട് അത്രയും അറ്റാച്ഡ് ആയിരുന്നു. പക്ഷെ ആ മനസ്സ് മാറിയില്ല. അതോടെ നമ്മുടെ ജീവിതം തന്നെ മാറി മറിഞ്ഞു. എനിക്ക് എന്റെ ജോലിയിൽ പോലും ശ്രദ്ധിക്കാൻ പോലും പറ്റാതെ ആയി.

ജീവിക്കാൻ പോലും തോന്നാത്ത കാലം

എനിക്ക് എതിരെ കേസൊക്കെ അവൾ കൊടുത്തു. ഗാർഹിക പീഡനം ഒക്കെ കാണിച്ചുകൊണ്ടാണ് എനിക്ക് എതിരെ അവളുടെ പരാതി വരുന്നത്. എനിക്ക് ജീവിക്കാൻ പോലും പറ്റാത്ത കാലഘട്ടം. കുഞ്ഞിനെ ഒരു ഡോക്ടറിനെ വരെ കാണിക്കേണ്ടി വന്നു. സത്യത്തിൽ ഞാൻ ഇതൊന്നും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. ഒരു വലിയ ക്രൈസിസ് ആയിരുന്നു ഞാനും എന്റെ മോളും ഫേസ് ചെയ്തത്. കുഞ്ഞു മിണ്ടാതെ ആയതോടെ ഞാനും ആകെ തകർന്നു പോയി. കുഞ്ഞിനെയും കൊന്ന് ഞാനും അങ്ങ് മരിക്കാൻ വരെ തീരുമാനിച്ചു. അത്രത്തോളം നമ്മൾ തകർന്നുപോയി.


ഓരോ ദിവസങ്ങൾ കഴിയുംതോറും നമ്മുടെ ജീവിതം പരുങ്ങലിൽ ആയി. ആ സമയത്ത് എന്നെ വിളിച്ചു സംസാരിക്കുന്ന രണ്ടുകൂട്ടുകാർ ഉണ്ടായിരുന്നു വിപിനും, ജിന്സിയും. പക്ഷെ അവരുടെ കോളുകൾ എന്നെ എങ്ങനെയൊക്കെയോ ഒരുപാട് സഹായിച്ചു. അവരെ ഒരിക്കലും എന്റെ ജീവിതത്തിൽ മറക്കാൻ കഴിയുന്ന കൂട്ടുകാർ അല്ല. ഇന്നും അവർ എന്റെ ഒപ്പം തന്നെയുണ്ട്.

ജീവിതത്തിൽ വഴിത്തിരിവ് സംഭവിച്ചത് അന്നാണ്

ഓരോ ദിവസം കഴിയുംതോറും കേസ് ഇങ്ങനെ മുറുകി വന്നു. മുൻപോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആയി. മരിച്ചാൽ മതി എന്നായി. ആളുകളുടെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി ഇല്ല. ഞാൻ മരിച്ചാൽ എന്റെ ചിക്കൂന്റെ ഭാവി എന്താകും എന്നായിരുന്നു ചിന്ത. പക്ഷെ എന്റെ പേരിൽ അവൾ കൊടുത്ത കേസിൽ ട്വിസ്റ്റ് സംഭവിച്ചതോടെയാണ് ജീവിതത്തിലും ട്വിസ്റ്റ് സംഭവിക്കുന്നത്. ഗാർഹികപീഡനം ആയിരുന്നു നമ്മുടെ മേലെ ചുമത്തിയത്. ലക്ഷങ്ങൾ കാട്ടിയാണ് നമ്മുടെ പേരിൽ അവൾ കേസ് കൊടുത്തത്. ഞാൻ അവളുടെ അച്ഛനോട് സംസാരിച്ചു, അവിടെയാണ് വഴിത്തിരിവ് സംഭവിച്ചത്. അവൾ കാട്ടിയ തുകയുടെ ആസ്തിയുള്ള രണ്ട് ആളുകൾ വന്നു ഞങ്ങളെ ജാമ്യത്തിൽ ഇറക്കും എന്ന് അവളുടെ അച്ഛൻ എന്നോട് പറഞ്ഞു. അവളുടെ അച്ഛനും ഒരു കസിനും കൂടിയാണ് ഞങ്ങള്ക്ക് വേണ്ടി കോടതിയിൽ വന്നു ജാമ്യത്തിൽ ഇറക്കുന്നത്.

നമിത വനനത്തോടെ ജീവിതം കുറച്ചുകൂടി നന്നായി

അവിടം മുതലാണ് നമ്മുടെ ജീവിതം മാറിമറിയുന്നത്. കേസിനൊക്കെ കുറെ കാശൊക്കെ പോയെങ്കിലും ജീവിതം നമ്മൾ തിരികെ പിടിച്ചു. ഞാനും ചിക്കുവും പിന്നെ ടൂറൊക്കെ പോയി. അങ്ങനെ ജീവിതം പോകുന്നതിന്റെ ഇടയിൽ അനുജത്തി നമിത വന്നതോടെ ജീവിതം കുറേക്കൂടി കളർ ആയി.നമിതയും വീട്ടുകാരും എന്തിനും ഏതിനും ആ കുടുംബവും ഒപ്പം നിന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ചുനിന്നു നഷ്ടപെട്ടുപോയതൊക്കെ പയ്യെ പയ്യെ തിരികെ പിടിച്ചു തുടങ്ങി. ഞങ്ങൾ ഇപ്പോഴും ഒരുമിച്ചാണ്. ഞങ്ങൾ ഒന്നും പരസ്പരം ഒളിച്ചുവയ്ക്കാറില്ല. എല്ലാം പരസ്പരം ഷെയർ ചെയ്യും. അങ്ങനെ കുടുംബത്തിന്റെ സന്തോഷം തിരികെ വന്നു.

എനിക്കിപ്പോൾ എന്നെ വലിയ ഇഷ്ടമാണ്

എന്നെ എനിക്ക് ഇപ്പോൾ ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ ഞാൻ എന്നെക്കുറിച്ച് നല്ലപോലെ ചിന്തിക്കാറുണ്ട്. എനിക്ക് ഒരു കടയുണ്ട്. കമ്പ്യൂട്ടർ സെയിൽസും സർവീസും സിസിടിവിയും ഒക്കെയുള്ള ഷോപ്പ്.അതിന്റെ ഇടയ്ക്ക് കിട്ടുന്ന സമയത്താണ് വീഡിയോ ഒക്കെ ചെയ്യുന്നത്.


ടിക് ടോക്ക് സമയത്തായിരുന്നു തുടക്കം. പുറത്തൊക്കെ പോകുമ്പോൾ ആളുകൾ നമ്മളെ തിരിച്ചറിയാറുണ്ട്. മോൾക്ക് ഉടുപ്പൊക്കെ സ്ഥിരമായി അയച്ചുതരുന്ന ആളുകൾ ഉണ്ട്. മോളെ സ്വന്തം മോളായി കാണുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഒരുപാട് ആളുകൾ നമ്മളെ സ്നേഹിക്കുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. നെഗറ്റീവ് കമന്റുകൾ കാണാറുണ്ട്. പക്ഷെ അതൊന്നും തളർത്താറില്ല. ഒരുപാട് നെഗറ്റീവ് ആയിരുന്ന ജീവിതം ഇപ്പോൾ പോസിറ്റീവ് ആയില്ലേ. അതൊക്കെ സ്വാഭാവികം ആണ്. അതൊന്നും നമ്മളെ ബാധിക്കാറില്ല.

എല്ലാവരും കൂടെയുള്ളപ്പോൾ ഞാൻ എന്തിനു ഭയക്കണം

എന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്ത വന്നപ്പോൾ ആളുകൾ തന്ന സ്നേഹം കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഇത്രയും ആളുകൾ നമ്മളെ പിന്തുണക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഒരിക്കലും അവരെ ഒന്നും മറക്കാൻ ആകില്ല- വിപിൻ പറയുന്നു.


ചിക്കു എന്ന അഷ്ടമി ഇപ്പോൾ മൂന്നാം ക്‌ളാസിൽ ആയി. ഇനി അഷ്ടമിയെയും കാശ്മീരയെയും ഒരുമിച്ചുവേണം ഡാൻസ് പഠിക്കാനും സ്‌കൂളിലും ഒക്കെ വിടാൻ. ഗ്രീഷ്മക്കും നമ്മുടെ നാട്ടിൽ ഒരു ജോലി കൂടി ആയാൽ നമ്മുടെ ജീവിതം മോശമില്ലാത്ത പോലെ പോകും എന്നാണ് വിശ്വാസം. പിന്നെ എന്തിനും കൂട്ടായി അനുജനും അനുജത്തിയും അമ്മയും അച്ഛനും ഉണ്ടല്ലോ.- ആത്മവിശ്വാസത്തോടെ വിപിൻ പറഞ്ഞു നിർത്തുന്നു

ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ