Please enable javascript.Jeevan Surya Gender,സൂര്യ ട്രാൻസല്ല!പെണ്ണുടലിൽ നിന്നും ആണിലേക്കുള്ള ജീവന്റെ യാത്രയും; പ്രണയ- വിവാഹവിശേങ്ങളുമായി താരങ്ങൾ - trans men jeevan and his wife surya s an exclusive interview their open talk on his transformation from female body into male body - Samayam Malayalam

സൂര്യ ട്രാൻസല്ല!പെണ്ണുടലിൽ നിന്നും ആണിലേക്കുള്ള ജീവന്റെ യാത്രയും; പ്രണയ- വിവാഹവിശേങ്ങളുമായി താരങ്ങൾ

Produced byലക്ഷ്മി ബാല | Samayam Malayalam 25 Oct 2023, 8:40 am
Subscribe

പെണ്ണുടലിൽ നിന്നും ആണിലേക്കുള്ള ജീവന്റെ യാത്ര അത്ര സിംപിൾ ആയിരുന്നില്ല. കുഞ്ഞുപ്രായത്തിൽ വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോഴും സ്വന്തം ആഗ്രഹങ്ങൾ ജീവൻ മാറ്റിവച്ചു. തന്റെ ഐഡന്റിറ്റി തുറന്നു പറഞ്ഞപ്പോൾ കൂടെ നിൽക്കുമെന്നോർത്ത രക്തബന്ധങ്ങൾ പോലും കൈവെടിഞ്ഞു. അന്നും ഇന്നും കൂട്ടായി ഇവൾ മാത്രം!

trans men jeevan and his wife surya s an exclusive interview their open talk on his transformation from female body into male body
സൂര്യ ട്രാൻസല്ല!പെണ്ണുടലിൽ നിന്നും ആണിലേക്കുള്ള ജീവന്റെ യാത്രയും; പ്രണയ- വിവാഹവിശേങ്ങളുമായി താരങ്ങൾ
സോഷ്യൽ മീഡിയയിലെ റീൽസുകളിൽ ഒരിക്കലെങ്കിലും നമ്മൾ കണ്ട മുഖങ്ങളാകാം ജീവന്റെയും സൂര്യയുടെയും. നിറചിരിയോടെ മാത്രം കാണാനാകുന്ന രണ്ടുപേർ. ഒരുപാട് പൊട്ടിത്തെറികൾ ഉള്ളിൽ നടക്കുമ്പോഴും അവരെ ചിരിച്ചുമാത്രമാണ് നമ്മൾ കണ്ടിട്ടുണ്ടാവുക. എന്നാൽ ആ നിറ പുഞ്ചിരിക്ക് പിന്നിലും വലിയൊരു കഥയുണ്ട് ഇരുവർക്കും പറയാൻ. പെണ്ണുടലിൽ നിന്നും ആണായി മാറാനുള്ള ജീവന്റെ യാത്ര, ഒപ്പം കൈത്താങ്ങായി നിന്ന സൂര്യ. ഒരു ട്രാൻസ് അല്ലാതിരുന്നിട്ടും അവൾ ജീവയെ പ്രണയിച്ചു, ഈ ലോകത്തിൽ മറ്റെന്തിനേക്കാളും. സ്വന്തം ചോരയിൽപ്പെട്ടവർ പോലും ജീവനെ അവഗണിച്ചപ്പോൾ താങ്ങായി തണലായി അവൾ കൂടെ നിന്നു. ഇന്ന് ജീവന്റെ പാതിയെ ഉദരത്തിൽ ചുമക്കുമ്പോൾ ഒന്ന് മാത്രമാണ് ഇവരുടെ സ്വപ്നം, മറ്റുള്ളവരുടെ സന്തുഷ്ടകരമായ കുടുംബജീവിതം പോലെ തങ്ങൾക്കും ഒരു കുടുംബം. ജീവന്റെ ജീവനായി ഒരാൾ കൂടി ഇവരുടെ ജീവിതത്തിലേക്ക് എത്തുമ്പോൾ ഒരു കുഞ്ഞു കുടുംബമെന്ന ഇവരുടെ വലിയ സ്വപ്നം പൂവണിയും!

നാടും നാട്ടുകാരും കൂടെ നിന്നപ്പോഴും കൂടെ നിൽക്കും എന്ന് കരുതിയവർ പിന്തള്ളിയ ഒരു കാലം. തന്നെ പ്രണയിച്ച വ്യക്തി ട്രാൻസ് ആണെന്ന് അറിഞ്ഞിട്ടും കൂടെ നിന്ന പെണ്ണൊരുത്തിയും, അവളുടെ ആഗ്രഹത്തിന് ചിറകുകൾ വിരിയിച്ച ട്രാൻസ് മെൻ ജീവന്റെയും കഥയാണിത്. ജീവിതത്തിൽ തങ്ങൾ അനുഭവിച്ച പ്രതിസന്ധികൾ വാക്കുകളിൽ ഒതുങ്ങില്ലെങ്കിലും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ ആ കടമ്പയുടെ വലിയ കഥകൾ ഇരുവരും പങ്കിടുന്നു.

​സൂര്യയുമായുള്ള കണ്ടുമുട്ടലും പ്രണയവും

​സൂര്യയുമായുള്ള കണ്ടുമുട്ടലും പ്രണയവും

ഞങ്ങൾ ആദ്യമായി കാണുന്നത് ബാംഗ്ലൂരിൽ വച്ചാണ്. പന്ത്രണ്ടുവര്ഷമായി ഞാൻ അവിടെ തന്നെ ആണ്. അവിടെ ഒരു ഹോസ്പിറ്റലും കാര്യങ്ങളും ഒക്കെ എനിക്ക് ഉണ്ടായിരുന്നു. ആ സമയത്ത് സൂര്യ അവിടെ നഴ്‌സായി ജോലി നോക്കുകയായിരുന്നു , എന്റെ പേഷ്യന്റിന്റെ കാര്യം പറയാനുമായി ബന്ധപ്പെട്ട് ആണ് ആദ്യമായി ഞങ്ങൾ സംസാരിക്കുന്നത്. പിന്നീട് ഞങ്ങൾ ഇതേകാര്യത്തിനായി ഫോണിലൂടെയും മറ്റും പലപ്പോഴായി സംസാരിക്കേണ്ടി വന്നു. സൂര്യ നല്ല ഓപ്പണായി സംസാരിക്കുന്ന ആളുമാണ്. അങ്ങനെ ഞങ്ങൾ നല്ല കൂട്ടായി. ആ ഒരു സമയത്താണ് എന്റെ ഇഷ്ടം ഞാൻ അവളോട് തുറന്നുപറയുന്നത്. എന്നാൽ കേട്ടപാടെ പുള്ളിക്കാരി നോ പറഞ്ഞു. കാരണം ഞാൻ അന്ന് ഫീമെയിൽ ബോഡിയിൽ നിന്നും പൂർണ്ണമായും പുരുഷനായി മാറിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവൾക്ക് ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു എന്റെ പ്രൊപ്പോസൽ. മാത്രമല്ല ഒരു സാദാ
കൃസ്ത്യൻ കുടുംബത്തിൽ നിന്നുള്ള ആളുമാണ് സൂര്യ. ഇനി എന്നോട് ഇത് പറഞ്ഞു വന്നാൽ ഞാൻ മിണ്ടില്ല എന്നാണ് പുള്ളിക്കാരി പറയുന്നത്. ഞാൻ ഇനി ഇക്കാര്യം പറയില്ലെന്ന ഉറപ്പിന്റെ പുറത്തു ആ ബന്ധം അങ്ങനെ മുൻപോട്ട് പോയി.

എല്ലാവരും ഒറ്റപെടുത്തിയ സമയം ​

എല്ലാവരും ഒറ്റപെടുത്തിയ സമയം ​

ഒരു വർഷത്തോളം ഞങ്ങൾ അങ്ങനെ മുൻപോട്ട് പോയി. വേണ്ടപ്പെട്ടവർ പോലും എന്നെ ഒറ്റപെടുത്തിനിൽക്കുന്ന സമയമായിരുന്നു അത്. അതൊക്കെ സൂര്യക്ക് അറിയാമായിരുന്നു അങ്ങനെ ഞങ്ങൾ പരസ്പരം അടുത്തു. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന്റെ പേരിൽ സൂര്യയും ഒറ്റപ്പെട്ടു പോയി. എങ്കിലും കരിയറിൽ ഞങ്ങൾ രണ്ടാളും ശ്രദ്ധിച്ചു മുൻപോട്ട് പോയി. പക്ഷേ എന്തുവിലകൊടുത്തും കാര്യങ്ങൾ വീട്ടിൽ അവതരിപ്പൊക്കണമല്ലോ, ഇത് തുറന്നുപറയാൻ വേണ്ടി സൂര്യയോട് പറഞ്ഞെങ്കിലും അവൾക്ക് വീട്ടുകാർ കൊല്ലുമോ എന്ന ഭയം പോലും മനസ്സിൽ ഉണ്ടായിരുന്നു. എന്നിരുന്നാൽ തന്നെയും വീട്ടുകാരെ കാര്യം അറിയിക്കുകയും വേണം, അങ്ങനെയാണ് ടിക് ടോക് വീഡിയോസിലൂടെ നമ്മൾക്ക് പറയാനുള്ള കാര്യങ്ങൾ വീട്ടുകാരെ ധരിപ്പിക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിയത്.

കുഞ്ഞുപ്രായത്തിൽ ചുമതലകൾ ഏറ്റെടുക്കേണ്ടിവന്നു

കുഞ്ഞുപ്രായത്തിൽ ചുമതലകൾ ഏറ്റെടുക്കേണ്ടിവന്നു

കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ വളരെ കുറവാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അച്ഛനും അമ്മയും ജീവിതത്തിൽ വേർപിരിഞ്ഞു. അതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം എന്റെ ചുമലിലായി. എല്ലാവരെയും പോലെ പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാഹചര്യം മുന്പിൽ ഉണ്ടായിരുന്നില്ല. മനസ്സിൽ എന്റെ കുടുംബം, അമ്മ, സഹോദരി, ഇവരൊക്കെ നല്ല രീതിയിൽ ജീവിക്കണം എന്ന് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, കുടുംബത്തിന്റെ ഭാരം നിർബന്ധപൂർവ്വം ഏറ്റെടുക്കേണ്ടിവന്നു. അവർക്ക് വേണ്ടി ഞാൻ ജീവിച്ചപ്പോൾ അവരുടെ സന്തോഷത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. ഞാൻ എന്റെ ജീവിതം എന്ന് ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. എങ്ങനെ എങ്കിലും ഒരു വീട് വയ്ക്കുക അവരെ സേഫ് ആക്കുക എന്ന് മാത്രമായിരുന്നു മനസ്സിൽ.

വീട്ടിലെ അതിഥിയായി മാറിയ കാലം

വീട്ടിലെ അതിഥിയായി മാറിയ കാലം

ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ കൂടി വന്നപ്പോൾ മനസ്സിലായി ഈ തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുൻപോട്ട് പോകില്ലെന്ന്. അങ്ങനെയാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായത്. സ്വന്തമായി ഒരു ആശുപത്രി ഇടാനുള്ള എന്റെ ആഗ്രഹം തുടങ്ങുന്നതും അവിടെ നിന്നുമാണ്. എന്നാൽ അതിനുവേണ്ടി സ്വരുകൂട്ടി വച്ച കാശെടുത്താണ് ഒരു വീട് സെറ്റ് ആക്കുന്നത്. അതുവരെ അവരെ എന്റെ ഒപ്പമാണ് നിർത്തിയത്. അങ്ങനെ ഞാൻ എന്റെ വീട്ടുകാരെ സേഫ് ആയ ഒരിടത്തേക്ക് മാറ്റി. പിന്നെ ബിസിനസിലേക്ക് ഞാൻ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. പിന്നെ അങ്ങോട്ട് എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു മിറാക്കിൾ പോലെയാണ്. ജീവിത സാഹചര്യങ്ങൾ മാറി, പണവും സൗകര്യങ്ങളും കൂടി. അതോടെ അതുവരെ നമുക്ക് ഒപ്പം നിൽക്കും എന്ന് ഞാൻ കരുതിയവർ പോലും എന്റെ പണത്തെ സ്നേഹിച്ചു തുടങ്ങി. ഞാൻ എന്റെ വീട്ടിൽ വരുന്ന അതിഥിയെ പോലെ മാറി. അവരുടെ കാര്യങ്ങൾ എല്ലാം നടത്തിയ ശേഷമാണ് ഞാൻ ഇനി എനിക്ക് വേണ്ടി ജീവിക്കാം എന്ന് തീരുമാനിക്കുന്നത്.

തിരിച്ചടിയും തിരിച്ചറിവും

തിരിച്ചടിയും തിരിച്ചറിവും

എന്റെ ജെൻഡർ റിവീൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നതും അപ്പോൾ മുതലാണ്. എന്നാൽ വീട്ടിൽ ഇക്കാര്യം പറഞ്ഞെങ്കിലും അതുവരെ ഞാൻ കാണാത്ത, പരിചയമില്ലാത്ത ആളുകളെ അവിടെ കാണേണ്ടി വന്നു. അവർക്ക് വേണ്ടി ജീവിച്ച എന്നെ, എന്റെ ജീവിതത്തിലെ നിർണ്ണായകമായ ഒരു തീരുമാനത്തിന്റെ ഘട്ടം വന്നപ്പോൾ അവരുടെ മാറ്റം ഞാൻ കണ്മുൻപിൽ കണ്ടു. ഇവിടെ ഇത് പറ്റില്ല, ഇങ്ങനെ നീ ജീവിച്ചാൽ മതി എന്ന നിലയിൽ അവർ കാര്യങ്ങൾ പറഞ്ഞു. അതെനിക്ക്, വല്ലാത്ത തിരിച്ചടിയും, തിരിച്ചറിവുമായിരുന്നു.

നമ്മളെ അല്ല നമ്മുടെ പണത്തെ മാത്രം സ്നേഹിക്കുന്ന ഒരുപറ്റം ആളുകളെ തിരിച്ചറിയാനും എനിക്ക് സാധിച്ചു. എന്തുകൊണ്ടോ ആ ജീവിതത്തിൽ എനിക്ക് തുണയായി എന്റെ സൂര്യ വന്നു എന്നുള്ളതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം. എന്റെ ലക്ഷ്യവും ഞങ്ങളുടെ നല്ലൊരു കുടുംബം മാത്രമാണ്. എനിക്ക് നഷ്ടപെട്ട എന്റെ കുടുംബം എനിക്ക് ഉണ്ടാക്കിയെടുക്കണം എന്നാണ് ആഗ്രഹം. അതിലേക്കാണ് ഇനി നമ്മളുടെ യാത്ര.

വീട്ടുകാരോട് പറയാനുള്ളതെല്ലാം അറിയിക്കാൻ പോം വഴി

വീട്ടുകാരോട് പറയാനുള്ളതെല്ലാം അറിയിക്കാൻ പോം വഴി

ഞങ്ങൾ പരസ്പരം അടുത്തു. ഞങ്ങൾ അടുത്തുവെങ്കിലും ഈ രീതിയിൽ മുൻപോട്ട് പോകും എന്നാണ് പലരും കരുതിയത്.എന്നാൽ അന്നും ഞങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബം. വീട്ടുകാരോട് എന്താണോ പറയാനുള്ളത് അതെല്ലാം വീഡിയോ രൂപത്തിലും ക്യാപ്‌ഷനായും ഞങ്ങൾ എത്തിച്ചുകൊണ്ടിരുന്നു. എന്നാൽ അപ്പോഴേക്കും അവളുടെ വീട്ടിൽ അറിഞ്ഞു. വിഷയമായി. വിവാഹ ആലോചനകൾ അവൾക്ക് വന്നുതുടങ്ങിയ സമയമാണ്. അത് എങ്ങനെ എങ്കിലും മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ വീഡിയോസ് ചെയ്യുന്നത്. എന്നാൽ അപ്പോഴേക്കും വീട്ടിൽ നല്ല പ്രശ്നമായി. പക്ഷെ എന്നെ കൂടാതെ അവൾക്ക് ജീവിക്കാൻ ആകില്ല എന്ന നിലപാടിൽ സൂര്യ ഉറച്ചുനിന്നു. കുറച്ചുകാലം അവളുടെ അമ്മപോലും അവളെ വിളിക്കാതെയായി എങ്കിലും തളർന്നില്ല, തീരുമാനത്തിൽ നിന്നും മാറിയതുമില്ല. നമ്മുടെ ഇഷ്ടം അങ്ങനെയേ നില നിന്നു. എന്നെപോലെ ഒരാൾക്ക് അവളെ വിവാഹം ചെയ്യിച്ചുകൊടുക്കില്ല എന്ന നിലപാടായിരുന്നു അവരുടെ വീട്ടുകാർക്ക്. ട്രാൻസ് ആയ എന്റെ ഒപ്പം അവൾ വന്നാൽ നമ്മൾക്ക് ഒരു കുഞ്ഞുണ്ടാകുമോ കുടുംബം ഉണ്ടാകുമോ എന്ന സംശയം ആയിരുന്നു വീട്ടുകാർക്ക് കൂടുതലും.

വീട്ടിൽ നിന്നും പുറത്തേക്ക് എന്ന തീരുമാനം

വീട്ടിൽ നിന്നും പുറത്തേക്ക് എന്ന തീരുമാനം

സൂര്യയുടെ വീട്ടിൽ വിഷയം ആയപോലെ തന്നെ, എന്റെ വീട്ടിലും വിഷയങ്ങൾ ഉണ്ടായി. എങ്കിലും അവർക്ക് എന്നെ കുറിച്ച് ഒരു രൂപം ഉണ്ടായിരുന്നു. ഞാൻ ഇതാണ് എന്ന് അവർക്ക് അറിയാമായിരുന്നു. എന്റെ ഉത്തരവാദിത്വങ്ങൾ വിട്ടിട്ട് ഞാൻ ജീവിക്കാഞ്ഞതുകൊണ്ടുതന്നെ എന്നെ ചോദ്യം ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നില്ല. എന്റെ ഉത്തരവാദിത്വങ്ങൾ എല്ലാം ചെയ്ത ശേഷമാണു എന്റെ ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തുന്നത്. എന്റെ വീട്ടുകാർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തതുകൊണ്ടാകണം എന്നെ അവർ ഒന്നും പറഞ്ഞില്ല. ഒരുപാട് കൗണ്സിലിങ്ങിന് ശേഷമാണു ഞാൻ ജെൻഡർ ചേഞ്ചിലെക്ക് എത്തുന്നത്. വീട്ടിൽ കാര്യം അവതരിപ്പിച്ചുവെങ്കിലും അമ്മ എതിരായി. നീ ഇങ്ങനെ ഒരു തീരുമാനം എടുത്താൽ ഇനി ഈ വീട്ടിലേക്ക് വരണ്ട എന്ന നിലപാടിൽ അമ്മയെത്തി, അതോടെ ഞാൻ വീട് വിട്ടിറങ്ങി. അതുവരെ ഞാൻ കാണാത്ത, അറിയാത്ത രീതിയിൽ ആളുകൾ മാറി. ഞാൻ ഒരിക്കലും ഈ നിലയിൽ എത്തുമെന്ന് അവർ കരുതിക്കാണില്ല. അതുകൊണ്ടാകണം അന്ന് ഇറങ്ങി പോരേണ്ടിവന്നപ്പോൾ ഒരു വിളിപോലും കിട്ടാതെ ഇരുന്നത്

ട്രീറ്റ്മെന്റ് എന്ന വലിയ കടമ്പയിലേക്ക് യാത്ര

ട്രീറ്റ്മെന്റ് എന്ന വലിയ കടമ്പയിലേക്ക് യാത്ര

നമ്മൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും പൂർണമായും മാറാൻ ഉള്ള തയ്യാറെടുപ്പായി.അങ്ങനെ ട്രീറ്റ്മെന്റും കാര്യങ്ങളുമായി ഞങ്ങൾ മുൻപോട്ട് പോയി. അതിനുവേണ്ടിയുള്ള യാത്ര ആയിരുന്നതുകൊണ്ടുതന്നെ ഇൻസ്റ്റയും,എഫ്ബിയും ഒക്കെ കംപ്ലീറ്റായി സ്റ്റോപ്പാക്കി. അങ്ങനെ നാളുകൾ കഴിഞ്ഞു. എഫ്ബിയിലേക്ക് ഞങ്ങൾ ജീവൻ സൂര്യ എന്നപേരിൽ വീഡിയോസ് ചെയ്യാൻ തുടങ്ങി. അങ്ങനെ കുറെ കൂട്ടുകാരെ അവിടെനിന്നും കിട്ടി. നിങ്ങൾക്ക് കല്യാണം കഴിക്കണ്ടേ എന്ന ചോദ്യം ചോദിക്കുന്നത് ജിഷയെന്ന നമ്മുടെ സുഹൃത്താണ്. അതുവരെ വിവാഹം എങ്ങനെ എന്ന വലിയ ധാരണ ഒന്നും നമുക്കില്ല. എന്തുചെയ്യും എന്ന് സൂര്യയോട് ചോദിക്കുമ്പോൾ ഒറ്റ കാര്യമാണ് അവൾക്ക് ഡിമാൻഡ് ഉണ്ടായിരുന്നത് അവളുടെ വീട്ടുകാർ അംഗീകരിക്കണം എന്നതുമാത്രം. അപ്പോഴേക്കും പയ്യെ സൂര്യയുടെ വീട്ടുകാർ നമ്മളെ വിളിച്ചു തുടങ്ങിയിരുന്നു. മാത്രമല്ല എല്ലാവരും ഞങ്ങളുടെ ബന്ധം അറിയുകയും ചെയ്തു. ഞങ്ങൾ ഇതിൽ തന്നെ ഉറച്ചുനിൽക്കും എന്ന് അവർക്കും ബോധ്യമായി തുടങ്ങിയിരുന്നു.

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം വേണ്ടെന്ന നിലപാട്

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം വേണ്ടെന്ന നിലപാട്

വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാം എന്ന തീരുമാനം നമ്മളെടുത്തു. കാരണം വീട്ടുകാരുടെ അനുഗ്രഹം ഇല്ലാതെ ഒന്നും വേണ്ട എന്ന തീരുമാനം ആയിരുന്നു ഞങ്ങൾ രണ്ടാൾക്കും. സത്യത്തിൽ ഞങ്ങളുടെ വിവാഹം ഇത്രയും നീണ്ടുപോകാൻ കാരണവും വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരുന്നതാണ്. അച്ഛൻ കൈ പിടിച്ചുതരണം എന്ന സ്വപ്നം സൂര്യക്ക് എന്നുമുണ്ടായിരുന്നു. അവൾ ഒരു ബിഎസ്‌സി നഴ്‌സാണ്. അവളെ അത്രത്തോളം ആക്കിയതിൽ വീട്ടുകാരുടെ വിയർപ്പ് ആവശ്യത്തിനുണ്ട്. അതുകൊണ്ടുതന്നെ വീട്ടുകാരെ സങ്കടപ്പെടുത്തി ഒന്നും വേണ്ട എന്ന നിലപാടായിരുന്നു അവൾക്ക്. അവൾക്ക് മാത്രമല്ല എനിക്കും അതേ അഭിപ്രായം തന്നെ ആയിരുന്നു. അങ്ങനെ സൂര്യ വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിച്ചു, പക്ഷേ നമ്മളെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം അവർക്ക് ഈ ബന്ധത്തിനോട് എതിർപ്പ് ഇല്ലായിരുന്നു എന്നതാണ്.വീട്ടുകാർ വിവാഹത്തിന് വരും എന്ന് ഉറപ്പിച്ചു.

ബന്ധുക്കളെക്കാളും മുൻപിൽ സുഹൃത്തുക്കൾ

ബന്ധുക്കളെക്കാളും മുൻപിൽ സുഹൃത്തുക്കൾ

പത്തുദിവസത്തിന്റെ ഗ്യാപ്പിലാണ് നമ്മുടെ വിവാഹം എല്ലാം തീരുമാനം ആയത്. ഞങ്ങളുടെ വിവാഹത്തിന് വേണ്ടി ഓടിയത് ബന്ധക്കാരെക്കാളും കൂടുതൽ സുഹൃത്തുക്കളായിരുന്നു.

സോഷ്യൽ മീഡിയയിൽ കൂടി കിട്ടിയ കൂട്ടുകാരായിരുന്നു എല്ലാം. രണ്ടുവീട്ടുകാരും ചേർന്നാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. സത്യം പറഞ്ഞാൽ എന്റെ കൈയ്യിൽ അവളെ പിടിച്ചു തരുമ്പോൾ അമ്മയ്ക്ക് ഒറ്റ ദുഃഖം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടുമോ എന്നത് മാത്രം. പക്ഷേ ഇതിനുള്ള ട്രീറ്റ്മെന്റും കാര്യങ്ങളും നമ്മൾ നേരത്തെ തന്നെ ചെയ്തുവച്ചിരുന്നു, എങ്കിലും ആരോടും നമ്മൾ ഇത് പറഞ്ഞിട്ടില്ല. അങ്ങനെ കുഞ്ഞെന്ന സ്വപ്‍നം ഞങ്ങൾ ഡോക്ടർ ജിഷ മാമിനോട് പറയുന്നു.

നടക്കുമോ എന്ന എന്റെ ചോദ്യം കേട്ട് എന്തുകൊണ്ട് നടക്കില്ല എന്ന മറുചോദ്യമാണ് ജിഷ മാം ചോദിക്കുന്നത്. പക്ഷേ ലീഗലി കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതെല്ലാം സോൾവ് ചെയ്തു വരാൻ ആണ് മാം ഞങ്ങളോട് പറഞ്ഞു, അതിനായി കുറച്ചുസമയം എടുത്തു. കുറച്ചു സമയം എന്ന് പറയുമെങ്കിലും അത്യവശ്യം നല്ല സമയം അതിനൊക്കെയായി എടുത്തു. പക്ഷേ നല്ല പോസിറ്റിവായി ഞങ്ങൾക്കൊപ്പം ജിഷ മാം നിന്നു.

കുഞ്ഞിനായുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങി

കുഞ്ഞിനായുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങി

വിമർശനങ്ങൾ നേരിട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ വിമര്ശിക്കപെടാൻ ഞങ്ങൾ നിന്നുകൊടുത്തിട്ടില്ല എന്നതാണ് സത്യം. ഈ ട്രീറ്റ് മെന്റ് എടുക്കുന്നു എന്നുപോലും അടുത്തിടയ്ക്കാണ് ആളുകൾ അറിയുന്നതുപോലും. ഞങ്ങളുടെ കുഞ്ഞിനായുള്ള തയ്യാറെടുപ്പുകൾ മുൻപേ തന്നെ ചെയ്തിരുന്നു. എന്നാൽ ഞങ്ങൾ അതാരോടും തുറന്നുപറയാൻ നിന്നില്ല.

വൈഫ് പ്രെഗ്നന്റ് ആണോ എന്ന് ചോദിച്ചാൽ ആണ് അതാണ് ഉത്തരം. ഒരുപക്ഷേ ഞങ്ങളുടെ ജീവന്റെ തുടിപ്പ് ഉടനെ ഉണ്ടാകും എന്ന് അറിഞ്ഞാൽ പോലും അതിനു എതിര് നില്ക്കാൻ സ്വന്തക്കാർ മുൻപിട്ട് ഇറങ്ങും എന്ന് വ്യക്തമായിരുന്നു.

ഞങ്ങളുടെ താങ്ങും തണലുമായി ആ ദൈവദൂതൻ​​

ഞങ്ങളുടെ താങ്ങും തണലുമായി ആ ദൈവദൂതൻ​​

ജീവൻ ജീവനായി ഇരിക്കുന്നതിലും കുഞ്ഞിന്റെ കാര്യത്തിലും എല്ലാം ഞങ്ങളുടെ കൂടെ നിന്ന ഒരാൾ കൂടിയുണ്ട്. പേരെടുത്തു പറയാൻ ആകില്ല. ജീവനെ ജീവൻ ആക്കിയത് ആ ആള് മാത്രമാണ്. എന്നും എന്റെ ഗൈഡായി നിന്നത് ആൾ മാത്രമാണ്. ഒരുപാട് മോശം അവസ്ഥകളിൽ നിന്നും രക്ഷിച്ചത് ഏക വ്യക്തിയും അദ്ദേഹമാണ്. ദൈവം എന്റെ കാര്യങ്ങൾ ചെയ്യാൻ വേണ്ടി ആ വ്യക്തിയെ ഏൽപ്പിച്ചതുപോലെയാണ് എനിക്ക് തോന്നുന്നത്. ജീവന്റെ താങ്ങും തണലുമായി ഇങ്ങനെ പോകണം എന്ന് മാത്രമാണ് ആൾക്ക്. ഒരിക്കലും പേര് പറയാൻ പുള്ളി സമ്മതിക്കില്ല. അതുകൊണ്ട് മാത്രം ഞങ്ങൾ പറയുന്നില്ല. പിന്നെ നമ്മുടെ വീഡിയോസ് എടുത്തു തരുന്ന ഒരാളുണ്ട് അരുൺ. ഞങ്ങളെ നിങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത് ആളാണ്

ഞങ്ങളെ ഞങ്ങളാക്കിയ സമൂഹവും സോഷ്യൽ മീഡിയയയും

ഞങ്ങളെ ഞങ്ങളാക്കിയ സമൂഹവും സോഷ്യൽ മീഡിയയയും

സോഷ്യൽ മീഡിയ ഞങ്ങൾക്ക് നല്ലതുമാത്രമാണ് തന്നത്. വിവാഹവും കുഞ്ഞെന്ന സ്വപ്നവും എല്ലാം നടന്നത് ഈ സോഷ്യൽ മീഡിയ കൊണ്ടുമാത്രമാണ് എനിക്ക് സമൂഹത്തിൽ നിന്നും ഒരു വെല്ലുവിളിയും നേരിടേണ്ടി വന്നിട്ടില്ല. എന്റെ സമൂഹം എന്നെ നല്ല കണ്ണുകളോടെ മാത്രമാണ് കണ്ടിട്ടുള്ളത്. എന്റെ നാട്ടുകാർ ആണ് ഇന്ന് എന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് എന്ന് പറയാതെ വയ്യ. കാരണം ഇന്നത്തെ ജീവനിലേക്ക് ഉള്ള യാത്ര സിംപിൾ ആയിരുന്നില്ല എന്ന് ഒരുപക്ഷേ എന്റെ വീട്ടുകാരേക്കാളും കൂടുതൽ എന്റെ നാട്ടുകാർക്ക് അറിയാം എന്നുള്ളതാണ്.

നിങ്ങൾക്ക് തന്നെ നോക്കിയാൽ മനസിലാകും ഞങ്ങളുടെ കമ്മ്യൂണിറ്റിയെക്കാളും കൂടുതൽ നാട്ടുകാരാണ് ഞങ്ങളെ സഹായിച്ചത്. ഈ സമൂഹത്തിനു ഞങ്ങളുടെ ഓരോ വളർച്ചയ്ക്ക് പിന്നിലും വലിയ പങ്കുണ്ട് .

ഞങ്ങളുടെ കുടുംബം ഞങ്ങളെ അംഗീകരിച്ചതുപോലും സമൂഹം ഞങ്ങൾക്ക് തരുന്ന പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്. അവർ തന്ന സ്നേഹവും, പിന്തുണയും മാത്രമാണ് ഇന്ന് നിങ്ങൾ കാണുന്ന ജീവനും സൂര്യയും.

ഞങ്ങളുടെ സ്വപ്നത്തിനായുള്ള കാത്തിരിപ്പ്

ഞങ്ങളുടെ സ്വപ്നത്തിനായുള്ള കാത്തിരിപ്പ്

റീച്ചോന്നും പ്രതീക്ഷിച്ചല്ല നമ്മൾ റീൽസിലേക്ക് എത്തിയത്. നമ്മുടെ ബന്ധം വീട്ടുകാരെ അറിയിക്കാൻ വേണ്ടി മാത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ നമ്മുടെ സ്നേഹിതർ നമ്മളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ സൂര്യയുടെ ഡെലിവെറിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഞാൻ നാട്ടിൽ എത്തിയത്.

ഖത്തറിൽ നമ്മൾ ചെറിയ രീതിയിൽ ഒരു സ്ഥാപനം തുടങ്ങാൻ വേണ്ടിയാണു അങ്ങോട്ടേക്ക് പോകുന്നത് എന്നാൽ അവളെ ഒറ്റക്ക് നിർത്താൻ ആകാത്തതുകൊണ്ടാണ് ഞാൻ പ്രവാസജീവിതത്തിൽ നിന്നും ഇങ്ങെത്തിയത്.

നാല് മാസത്തോളം ഞാൻ അവിടെ ഉണ്ടായിരുന്നു. പക്ഷേ അവൾക്ക് ഞാൻ ഇല്ലാതെ വയ്യെന്ന അവസ്ഥയിലാണ് തിരിച്ചുപോരുന്നത്.

ഇനി സൂര്യയുടെ ഡെലിവെറിക്ക് ശേഷം അവളെയും വാവയെയും കൂട്ടി പോകണം എന്നാണ് പ്ലാൻ ചെയ്യുന്നത്. എത്രത്തോളം നടക്കും എന്ന് അറിയില്ല. സൂര്യ നഴ്‌സാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചുപോകാം എന്നാണ് സ്വപ്നം കാണുന്നതും.

​ഞങ്ങളുടെ സ്വന്തമായവർ!

​ഞങ്ങളുടെ സ്വന്തമായവർ!

കമ്മ്യൂണിറ്റിയുമായി വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. കാരണം ബാംഗ്ലൂരിൽ ആണ് നമ്മൾ സ്ഥിര താമസം. അതുകൊണ്ടുതന്നെ നാട്ടിലേക്ക് വരുന്നു പോകുന്നു എന്നതല്ലാതെ വലിയ ഒരു ബന്ധം ഉണ്ടായിട്ടില്ല. അവരായി അകറ്റിയതല്ല, എനിക്ക് സാഹചര്യങ്ങൾ കൊണ്ട് കൂടുതൽ അടുക്കാൻ സാധിച്ചില്ല എന്നതാണ്. ശിവ അർപ്പിത, സീമ, ആദി, വൈഗ,നേഹ ഇവരൊക്കെ ആയിട്ടാണ് നമ്മൾ കൂടുതൽ അടുപ്പം. പേര് എടുത്തുപറയാൻ ആണെങ്കിൽ ഒരുപാട് ആളുകൾ നമുക്ക് ഒപ്പമുണ്ട്.

പത്തുദിവസത്തെ ബന്ധമാണ് സീമ വിനീതുമായി ഉണ്ടായിരുന്നത് എങ്കിലും പത്തുവർഷത്തെ ബന്ധം പോലെയാണ് സീമയുമായി ഇപ്പോഴുള്ളത്. പാസ്പോർട്ട് ആവശ്യവുമായി ബന്ധപ്പെട്ടാണ് നമ്മൾ പരിചപ്പെടുന്നത്. ഒരു ദിവസത്തേക്ക് പോയതാണ് പത്തുദിവസം കഴിഞ്ഞാണ് ഞങ്ങൾ തിരികെ എത്തിയത് അത്രയും ക്ലോസ് ആണ് നമ്മൾ.

ശിവയും അർപ്പിതയും കൂടപ്പിറപ്പുകളെപോലെയാണ് ഞങ്ങൾക്ക്.

ഇനി ഞങ്ങളുടെ ഈ കുഞ്ഞു കാത്തിരിപ്പിന് ഇവരൊക്കെയും കൂടെ ഉണ്ടാകും എന്നാണ് പ്രതീക്ഷയും വിശ്വാസവും. പിന്നെ എല്ലാത്തിനും ഉപരി എന്നെ ഞാനാക്കി സർവ്വശക്തനായ ദൈവം അങ്ങോളമുള്ള യാത്രയിലും ഒപ്പം ഉണ്ടാകും എന്ന ഉറച്ച ആത്മവിശ്വാസവും!!

ലക്ഷ്മി ബാല
ഓതറിനെ കുറിച്ച്
ലക്ഷ്മി ബാല
ലക്ഷ്മി ബാല- സമയം മലയാളം എന്റർടെയിൻമെന്റ് സെക്ഷനിൽ സീനിയർ കണ്ടൻ്റ് പ്രൊഡ്യൂസർ. സാമൂഹിക വിഷയങ്ങളിൽ (എടമലക്കുടി ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ, കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങളിലുള്ള പരമ്പരകൾ) ആർട്ടിക്കിൾസും സമയം മലയാളത്തിൽ എന്റർടെയിൻമെന്റ് മേഖലയിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും ചെയ്യാറുണ്ട്. ഓൺലൈൻ പത്ര മേഖലയിൽ ഒന്പതുവര്ഷത്തെ പ്രവൃത്തി പരിചയം. രസതന്ത്രത്തിൽ ബിരുദവും, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമയും, സോഷ്യോളജിയിൽ പിജിയും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപങ്ങളിലും ഷെയർചാറ്റിൽ സീനിയർ കോപ്പി റൈറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ