ആപ്പ്ജില്ല

രുസ്‍വ: ഒരു കളങ്കത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്

സ്വാഭാവികതയോട് നീതിപുലര്‍ത്തിയ ചിത്രീകരണവും വിഷയത്തെ വ്യത്യസ്‍തമായി സമീപിക്കാൻ കാണിച്ച സാമര്‍ഥ്യവും

Abhijith VM | TNN 11 Feb 2018, 2:51 pm
രുസ്‍വ എന്നാല്‍ ഉര്‍ദ്ദു ഭാഷയില്‍ കളങ്കം എന്നാണ് അര്‍ഥം. മലയാളിയായ ഷമീം അഹമ്മദ് സംവിധാനം ചെയ്‍ത ഹ്രസ്വചിത്രത്തില്‍ രുസ്‍വ എന്ന വാക്കിന് നിസംഗത എന്ന അര്‍ഥമാകും കൂടുതല്‍ ചേരുക. വ്യക്തികളുടെ, സമൂഹത്തിന്‍റെ, നീതിപീഠത്തിന്‍റെ എല്ലാം നിസംഗതയാണ് ഏഴ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ പാന്‍-ഇന്ത്യന്‍ ഹ്രസ്വചിത്രം.
Samayam Malayalam malayalam short film ruswa shamem ahammed review
രുസ്‍വ: ഒരു കളങ്കത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്


രുസ്‍വ മലയാളം സംസാരിക്കുന്നില്ല. ദൃശ്യങ്ങളുടെ നിശബ്‍ദത ഭജ്ഞിക്കപ്പെടുന്ന കുറഞ്ഞ അവസരങ്ങളിലെല്ലാം കഥാപാത്രങ്ങളുടെ മാധ്യമം ഹിന്ദിയാണ്. ഇനി ഈ വാചകങ്ങളില്ലാതെയും രുസ്‍വ മനസിലാക്കാനാകും. ഇന്ത്യയെ അറിയുന്ന എല്ലാവര്‍ക്കും വഴങ്ങുന്നതാണ് ഈ ദൃശ്യഭാഷ.

ഇന്ത്യന്‍ യുവത്വത്തെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ച 2012 ഡല്‍ഹി കൂട്ടബലാല്‍സംഗമാണ് രുസ്‍വയുടെ പ്രമേയം. ഒരു കൂട്ടമാനഭംഗത്തിന്‍റെ ഓര്‍മ്മകള്‍ എങ്ങനെ രാജ്യം ഉള്‍ക്കൊണ്ടു എന്നതാണ് രുസ്‍വ പരിശോധിക്കുന്നത്.

നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി ജയില്‍ മോചിതനാകുന്നിടത്താണ് രുസ്‍വ ആരംഭിക്കുന്നത്. പോലീസുകാരന്‍ തുറന്നുകൊടുക്കുന്ന വാതിലിലൂടെ നിസംഗഭാവത്തില്‍ അയാള്‍ ഇറങ്ങിനടക്കുന്നു, നേരെ മനുഷ്യര്‍ക്കിടയിലേക്ക്.

അയാളവിടെ ആള്‍ക്കൂട്ടത്തിലെ മറ്റൊരാളാണ്. കാഴ്‍ചകള്‍ കാണാനും ഭക്ഷണം കഴിക്കാനും പുല്ലാങ്കുഴലിന് ചെവികൊടുക്കാനുമെല്ലാം കഴിയുന്ന ഒരു സാധാരണക്കാരന്‍. മുഖംമാത്രം ചതുരങ്ങള്‍ കൊണ്ട് മറച്ച് ക്യാമറക്ക് മുഖം കൊടുക്കാനും അയാള്‍ മടിക്കുന്നില്ല. കുറ്റകൃത്യത്തെക്കുറിച്ച്, അയാള്‍ക്ക് ചുറ്റുമുള്ളവരെക്കുറിച്ച് നിസംഗമായ ഒരു താല്‍പര്യം മാത്രമെ അയാള്‍ക്കുള്ളൂ.

ഓടുന്ന വാനിലെ പീഡനത്തെ പുനസൃഷ്‍ടിക്കുന്നുമുണ്ട് രുസ്‍വ. ഇന്ത്യന്‍ യുവത്വം സംഘടിച്ച് 2012ലെ ഡിസംബറും വീണ്ടും സൃഷ്‍ടിക്കപ്പെടുന്നു. ടെലിവിഷന്‍ ചാനലുകളാണ് ഈ പ്രതിഷേധങ്ങളുടെ രേഖപ്പെടുത്തലായി ഷമീം ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ജയിലില്‍ നിന്നും ഇറങ്ങിയ തന്‍റെ തല കൊയ്യാനുള്ള ആക്രോശങ്ങള്‍ കുറ്റവാളി കാണുന്നുണ്ട്. അത് മറ്റാരെയൊ കുറിച്ചാണെന്ന മട്ടില്‍ നടന്നു പിന്നിലാക്കുകയും ചെയ്യുന്നുണ്ട് അയാള്‍. നിര്‍ഭയയുടെ അമ്മയുടെ ചോദ്യങ്ങള്‍ ഇടയ്ക്ക് മുഴങ്ങുന്നു. അതിനൊന്നും ഉത്തരമില്ലാത്തതുപോലെ ദൂരെ ഒരിടത്തിരുന്ന് നഗരത്തെ വീക്ഷിക്കുന്ന കുറ്റവാളിയിലാണ് അവസാന രംഗം.

വെളിച്ചത്തിന്‍റെ തുരുത്തുകള്‍പോലെ ഇരുട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന നഗരത്തിനോട് അയാള്‍ക്കുള്ളത് നിസംഗത മാത്രം. സംഭാഷണങ്ങളെക്കാള്‍ ദൃശ്യങ്ങള്‍ക്കും വൈകാരികതയ്ക്കും പ്രാധാന്യം നല്‍കുന്നന ചിത്രീകരണം, മിതമായി മാത്രം ഉപയോഗിക്കുന്ന സംഗീതം എന്നിവ ആറ് മിനിറ്റിന്‍റെ ദൈര്‍ഘ്യം കൂടുതലുള്ള പ്രതീതി നല്‍കുന്നു. പുന സൃഷ്‍ടിച്ച ടെലിവിഷന്‍ വാര്‍ത്താരംഗങ്ങള്‍ കൃത്രിമമായി തോന്നിയേക്കാം.

സ്വാഭാവികതയോട് നീതിപുലര്‍ത്തിയ ചിത്രീകരണവും വിഷയത്തെ വ്യത്യസ്‍തമായി സമീപിക്കാനും അവതരിപ്പിക്കാനും കാണിച്ച സാമര്‍ഥ്യവുംകൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട ചിത്രമാണ് രുസ്‍വ.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ