ആപ്പ്ജില്ല

നിയാണ്ടര്‍താല്‍ മനുഷ്യന്‍ ഇല്ലാതായത് എങ്ങനെയാണ്?

അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഓരോ മാറ്റവും ഇവയുടെ രാസഘടനയില്‍ മാറ്റങ്ങള്‍ വരുത്തും

Samayam Malayalam 30 Aug 2018, 4:46 pm
കാലാവസ്ഥാ വ്യതിയാനം മൂലമായിരിക്കാം നിയാണ്ടര്‍താല്‍ മനുഷ്യര്‍ ഭൂമിയില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടതെന്ന് ഗവേഷകര്‍. ഈ ജീവിവർഗങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളുടെ അഭാവം മൂലം കൃത്യമായ ഒരു നിഗമനത്തില്‍ എത്തിച്ചേരുക എന്നത് ഇപ്പോഴും അസാധ്യമായ കാര്യമായിത്തന്നെ തുടരുകയാണ്.
Samayam Malayalam neadertal


യൂറോപ്യന്‍ കാലാവസ്ഥയിലുണ്ടായ മാറ്റം പഠിക്കുകയായിരുന്നു യുകെയിലെ നോര്‍ത്തംബ്രിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍. ചുണ്ണാമ്പുകല്‍പ്പുറ്റുകളില്‍ നടത്തിയ ഗവേഷണത്തിലൂടെ നാല്‍പ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പു വരെയുണ്ടായ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് അവര്‍ മനസിലാക്കി. നാച്ചുറല്‍ അക്കാദമി ഓഫ് സയന്‍സസിന്‍റെ ജേണലില്‍ ആണ് പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

സ്റ്റാലഗ്മൈറ്റുകള്‍ എന്നറിയപ്പെടുന്ന ചുണ്ണാമ്പുശിലാഫലകങ്ങള്‍ ആണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഓരോ വര്‍ഷവും ഓരോ പാളികള്‍ ആയിട്ടാണ് ഇവ ഉണ്ടാവുന്നത്. അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഓരോ മാറ്റവും ഇവയുടെ രാസഘടനയില്‍ മാറ്റങ്ങള്‍ വരുത്തും. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ കാലാവസ്ഥാ മാറ്റങ്ങള്‍ ഇവ പരിശോധിക്കുന്നതിലൂടെ അറിയാനാവും.

ഈയടുത്ത് രണ്ടു റൊമേനിയന്‍ ഗുഹകളില്‍ നിന്നും ലഭിച്ച ഇത്തരം ശിലാഭാഗങ്ങള്‍ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുകയുണ്ടായി. യൂറോപ്പില്‍ 44,000വര്‍ഷങ്ങള്‍ക്കും 40,000 വര്‍ഷങ്ങള്‍ക്കും മുന്‍പേയുണ്ടായ കാലാവസ്ഥാമാറ്റങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. കുറേക്കാലം നീണ്ടുനിന്ന തണുപ്പ്, അതില്‍ നിന്നും മാറി പിന്നീട് കുറേക്കാലം കടുത്ത ചൂട് എന്നിങ്ങനെ കാലാവസ്ഥ തുടര്‍ന്നു. നിയാണ്ടര്‍താല്‍ മനുഷ്യരുടെ അവശിഷ്ട പഠനങ്ങളുമായി ഈ പഠനത്തെ താരതമ്യപ്പെടുത്തി അവര്‍ നിരവധി കാര്യങ്ങള്‍ കണ്ടെത്തി.

കുറേക്കാലം തണുത്ത കാലാവസ്ഥ തുടര്‍ന്നപ്പോള്‍ നിയാണ്ടര്‍താല്‍ മനുഷ്യര്‍ക്ക് അത് താങ്ങാനാവാതെ വന്നുവെന്ന് അവര്‍ കണ്ടെത്തി. കാലാവസ്ഥാ മാറ്റം ഒരു മനുഷ്യവിഭാഗത്തിന്‍റെ വംശനാശത്തിന് കാരണമായെന്ന് അവര്‍ പറയുന്നു. ആധുനിക മനുഷ്യന്‍റെ ശരീര ഘടനയ്ക്ക് സമാനമായ ഈ വിഭാഗം 350,000 വര്‍ഷങ്ങളോളം ഭൂമിയില്‍ ജീവിച്ചു. ഇവരുടെ വംശനാശത്തിന് കാരണമായ പ്രധാന ഘടകം എന്തെന്ന് ഇതേവരെ ശാസ്ത്രജ്ഞര്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു.

ആധുനിക മനുഷ്യര്‍ കുറേക്കൂടി ഇത്തരം മാറ്റങ്ങളെ അതിജീവിക്കാന്‍ കഴിവുള്ളവര്‍ ആയതിനാല്‍ അവര്‍ ഇപ്പോഴും നിലനില്‍ക്കുന്നു. നല്ല വേട്ടക്കാരായ നിയാണ്ടര്‍താല്‍ മനുഷ്യര്‍ ഭക്ഷണത്തിനായി വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ മാംസമാണ് ഉപയോഗിച്ചിരുന്നത്. തണുപ്പുകാലത്ത് സ്വാഭാവികമായും വേട്ടയ്ക്ക് പറ്റിയ സാഹചര്യമായിരുന്നില്ല. ഭക്ഷണ ക്ഷാമമാണ് ഇവരുടെ നാശത്തിലേയ്ക്ക് നയിച്ചതെന്ന് പഠനത്തില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ