ആപ്പ്ജില്ല

ഒമേറ: ഓര്‍മ്മയില്‍ ഉറച്ചുപോയ ആ മുഖം

ലോകത്തെ കരയിപ്പിച്ച ഫോട്ടോ

TNN 10 Jan 2018, 5:07 pm
ചിത്രങ്ങളായി നിലച്ചുപോയ നിമിഷങ്ങളാണ് മിക്കപ്പോഴും ദുരന്തങ്ങളുടെ തീവ്രത പറഞ്ഞുതരുന്നത്. അത്തരമൊരു ചിത്രമാണിത്. 1985ല്‍ തെക്കേഅമേരിക്കയില്‍ നിന്ന് ഒരു ഫോട്ടോഗ്രഫര്‍ പകര്‍ത്തിയത്. ചിത്രത്തിലുള്ള ചുരുണ്ട മുടിക്കാരി, ഒമേറ സാഞ്ചസ് ഗാര്‍സോണ്‍.
Samayam Malayalam omayra snchez garzn girl whose iconic 1985 photo from colombia
ഒമേറ: ഓര്‍മ്മയില്‍ ഉറച്ചുപോയ ആ മുഖം


23,000 പേര്‍ കൊല്ലപ്പെട്ട വലിയൊരു അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ഇരകളില്‍ ഒരാളായിരുന്നു ഓമേറ. 22,999 മനുഷ്യരുടെ പേരുകള്‍പോലെ ഒമേറയുടെ പേര് വിസ്‍മരിക്കപ്പെട്ടില്ല. അതിന് കാരണം ഈ ചിത്രമായിരുന്നു.

അഗ്നിപര്‍വതം ഇളക്കിവിട്ട മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിക്കിടന്ന ഓമേറ ജീവിതത്തിനും മരണത്തിനുമിടയില്‍ 60 മണിക്കൂറാണ് ചെലവഴിച്ചത്. അസാധാരണ ധൈര്യം, ഒമേറയെ മറന്നുപോകാതിരിക്കാന്‍ ലോകത്തെ പഠിപ്പിച്ചു. പ്രതീക്ഷയുടെയും അവസാന നിശബ്‍ദതയുടെയും ഇടയില്‍ പിടിച്ചുതൂങ്ങി നിന്ന ഒമേറയെ ഫ്രെയ്‍മിലാക്കിയ ഫ്രഞ്ച് ഫോട്ടോഗ്രഫര്‍ ഫ്രാങ്ക് ഫോര്‍ണിയെര്‍ 1986ലെ ലോക പ്രസ് ഫോട്ടോ അവാര്‍ഡ് നേടി.

1985 നവംബര്‍ 13ന് ആണ് കൊളംബിയയിലെ നെവാഡോ ഡെല്‍ റൂയീസ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. നെവാഡോയില്‍ നിന്ന് ഒഴുകിയ ചെളിയും വെള്ളവും താഴ്‍വരകളിലേക്ക് ഒഴുകി. ഗ്രാമങ്ങള്‍ നശിച്ചു, ആയിരങ്ങള്‍ മരിച്ചു - ഹഫ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേറോ എന്ന കൊച്ചുപട്ടണത്തിലും ദുരന്തം ഒഴുകിയെത്തി. അവിടെയായിരുന്നു ഒമേറയുടെ വീട്. ചെളിവെള്ളം അവളുടെ വീട് തകര്‍ത്തു. അതിനിടയില്‍ അവള്‍ കുടുങ്ങിപ്പോയി. രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ ഒമേറയെ കണ്ടെത്തി. ശരീരത്തിന്‍റെ പകുതി വെള്ളത്തിനടിയില്‍ കുടുങ്ങി നില്‍പ്പായിരുന്നു ഒമേറ.

അവളെ ഉയര്‍ത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. കാത്തിരിപ്പ് നീണ്ടു. ഒമേറ ഇടയ്ക്ക് തളര്‍ന്നു, ആവുന്നതുപോലെ ചിരിച്ചു, ഡോക്ടര്‍മാരോട്, ജേണലിസ്റ്റുകളോട് സംസാരിച്ചു. വിശന്നപ്പോള്‍ ചിലര്‍ അവളെ ഊട്ടി, ദാഹിച്ചപ്പോള്‍ കുടിവെള്ളം നല്‍കി. 60 മണിക്കൂര്‍ ധൈര്യത്തോടെ അവള്‍ പിടിച്ചുനിന്നു. ഒടുവില്‍ അഗ്നിപര്‍വതത്തിന്‍റെ കരുത്തിന് കീഴടങ്ങി.

പ്രതീക്ഷയ്ക്കും വിധിക്കും ഇടയില്‍ നില്‍ക്കുന്ന ഒമേറയുടെ ചിത്രം ലോകം കണ്ടു. അന്താരാഷ്ട്രതലത്തില്‍ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കി. രക്ഷാപ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെട്ടു. ഒമേറയുടെ രക്തസാക്ഷിത്വം ആയിരക്കണക്കിന് മനുഷ്യരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളുടെ വേഗത കൂട്ടി.

2015ല്‍ ഒമേറയുടെ മരണത്തിന് 30 വയസ് തികഞ്ഞിരുന്നു. മറവിയില്‍ നിന്ന് ഒമേറയുടെ കഥ പുറത്തുവന്നതും അപ്പോഴാണ്. ഇന്നും ഒമേറയുടെ മുഖം വിവിധമാധ്യമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു, അവളെ എളുപ്പം മറന്നുപോകാന്‍ പാടില്ല എന്നുള്ളതുകൊണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ