ആപ്പ്ജില്ല

തളർന്ന ശരീരവുമായി കാറോടിച്ച് പ്രജിത്ത് ഡൽഹിയിലേക്ക്

അപകടം ശരീരത്തെ തളർത്തിയപ്പോഴും നിശ്ചയ ദാർഢ്യത്തോടെ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ് കോഴിക്കോടുക്കാരനായ പ്രജിത്ത് ജയ്പാൽ.

TNN 11 Feb 2018, 4:22 pm
അപകടം ശരീരത്തെ തളർത്തിയപ്പോഴും നിശ്ചയ ദാർഢ്യത്തോടെ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ് കോഴിക്കോടുക്കാരനായ പ്രജിത്ത് ജയ്പാൽ. ഡൽഹിയിലേക്ക് ഒരു കാർ യാത്ര നടത്തുകയാണ് പ്രജിത്ത്, കൂട്ടിന് രണ്ട് സഹായികളുമുണ്ട്. ഏപ്രിൽ ഒന്നിന് യാത്ര തുടങ്ങി മുപ്പതിന് തിരിച്ചെത്താനാണ് പരിപാടി. കാറോടിക്കുന്നത് പ്രജിത്ത് തന്നെ എന്നതാണ് ഈ യാത്രയിലെ പ്രധാന വെല്ലുവിളി. ഈ യാത്രയ്ക്ക് ഒരു ലക്ഷ്യം കൂടിയുണ്ട് പ്രജിത്തിന്. ഡൽഹി വരെ പോയി സ്ഥലങ്ങൾ മാത്രം കണ്ടാൽ പോര. യാത്രകളിലുടനീളം നിരവധിയാളുകളുമായി കൂടികാഴ്ച നടത്തണം. അവർക്ക് ഹസ്തദാനം ചെയ്യണം. പിന്നെ വിശേഷങ്ങൾ പങ്കുവെക്കണം.
Samayam Malayalam prajith jaipals facebook post about delhi trip via car
തളർന്ന ശരീരവുമായി കാറോടിച്ച് പ്രജിത്ത് ഡൽഹിയിലേക്ക്


'Shake Hands With Me'എന്നാണ് പ്രജിത്ത് യാത്രയ്ക്ക് നൽകിയിരിക്കുന്ന പേര്. ഈയൊരു ലക്ഷ്യത്തോടെ യാത്രയ്ക്ക് ഒരുങ്ങുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കും പ്രജിത്ത്. അപകടത്തിൽപ്പെട്ട് പ്രജിത്തിന്‍റെ കഴുത്തിന് താഴെ തളർന്നു. വീൽ ചെയറിലാണ് സഞ്ചാരം. ഇങ്ങനെയുള്ളവർ കസ്റ്റമൈസ് ചെയ്ത കാറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും തനിയെ ഒരു ദീർഘദൂര യാത്ര നടത്തുന്നത് ഇതാദ്യമായിട്ടായിരിക്കും.

2011 ൽ കോഴിക്കോട് ബൈപാസിലുണ്ടായ കാറപകടത്തെ തുടർന്നാണ് പ്രജിത്തിന്‍റെ ജീവിതം വീൽ ചെയറിലായത്. ഇങ്ങനെയുള്ള 250 പേരെ ഉൾപ്പെടുത്തി ‘വീലേഴ്‌സ് ക്ലബ് ഫൗണ്ടേഷൻ’ എന്ന സംഘടനയ്ക്കും പ്രജിത്ത് രൂപംകൊടുത്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രജിത്ത് തന്‍റെ യാത്രയെ കുറിച്ച് വ്യക്തമാക്കിയത്.

''എന്നെപ്പോലെ നിരവധിപ്പേരുണ്ട് ഈ രാജ്യത്ത്. അവരിൽ ചിലരെങ്കിലും എന്‍റെ ഈ യാത്രകണ്ട് വീടിൽ നിന്നും പുറത്തിറങ്ങണം. സാധാരണ ജീവിതം നയിക്കണം. അതാണ് ഈ യാത്ര കൊണ്ട് ഞാൻ ലക്ഷ്യമിടുന്നത്. രണ്ടാമതായി എന്നെപ്പോലെയുള്ള അംഗപരിമിതർക്കും ജോലി ആവശ്യമുണ്ടെന്ന സന്ദേശം കോർപ്പറേറ്റ് ലോകത്തെ അറിയിക്കണം. മൂന്നാമതായി രാജ്യത്തെ പൊതുസ്ഥലങ്ങൾ വീൽചെയറിലുള്ളവർക്ക് സഞ്ചാരയോഗ്യമാക്കണം''. എന്നീ ലക്ഷ്യങ്ങളാണ് ഈ യാത്രയിലൂടെ പ്രജിത്ത് നിറവേറുന്നത്.

കഴിഞ്ഞ മൂന്നുവർഷമായി നല്ലൊരു ജോലിക്ക് വേണ്ടി ശ്രമിക്കുകയാണ് പ്രജിത്ത്. പല കമ്പനികളിലേക്കും ബയോഡാറ്റ അയച്ചു. എന്നൽ ആരും പ്രജിത്തിനെ പരിഗണിച്ചില്ല. ഇന്ന് സാധാരണക്കാരെ പോലെ റോഡിലിറങ്ങി നടക്കാൻ എനിക്ക് കഴിയില്ലായിരിക്കും. എന്നു കരുതി എന്‍റെ പരിമിതിക്ക് യോജിച്ച തരത്തിൽ ഏതൊരു കോർപ്പറേറ്റ് ജോലിയും മുമ്പത്തെപ്പോലെ ഭംഗിയായി ചെയ്യാൻ എനിക്ക് സാധിക്കും. ജോലി കിട്ടുന്നതുവരെ എന്‍റെ ശ്രമം തുടരുമെന്നാണ് പ്രജിത്ത് ആത്മവിശ്വാസത്തോടെ പറയുന്നത്.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ